കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ (ഐഎസ്എല്‍) പുതിയ സീസണിന് മുന്നോടിയായി ഒരു താരത്തെ കൂടി തട്ടകത്തിലെത്തിച്ച് കേരള ബ്ലാസ്റ്റ്‌റ്റേഴ്‌സ്. ബെംഗളൂരു എഫ്‌സി സ്ട്രൈക്കർ ബിദ്യാഷാഗർ സിങ്ങിനെയാണ് മഞ്ഞപ്പട കൂടാരത്തിലെത്തിച്ചത്. ഒരു വർഷ ലോണിലാണ് 24കാരനായ ബിദ്യാഷാഗർ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. താരത്തെ സ്വാഗതം ചെയ്‌ത് ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
ടീമിലേക്ക് ക്ഷണിച്ചതിന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്‍റിനും പരിശീലകനും ബിദ്യാഷാഗർ നന്ദി അറിയിച്ചു. ടിഡിം റോഡ് അത്‌ലറ്റിക് യൂണിയൻ എഫ്‌സിയിൽ പന്ത് തട്ടിത്തുടങ്ങിയ ബിദ്യാഷാഗർ സിങ് 2016ൽ ഈസ്‌റ്റ് ബംഗാൾ എഫ്‌സിയ്‌ക്കൊപ്പമാണ് പ്രൊഫഷണൽ കരിയര്‍ ആരംഭിച്ചത്.
2016-17 സീസണില്‍ ഈസ്റ്റ് ബംഗാളിനെ അണ്ടർ 18 ഐ ലീഗിന്‍റെ ഫൈനലിലെത്തിക്കുന്നതില്‍ താരം നിര്‍ണായകമായി. ടൂര്‍ണമെന്‍റില്‍ ആറു ഗോളുകളാണ് താരം അടിച്ച് കൂട്ടിയത്. തുടര്‍ന്ന് 2018ൽ സീനിയർ ടീമിനായി അരങ്ങേറ്റം നടത്തി. സീനിയർ ടീമിനുവേണ്ടി രണ്ട് സീസണിലായി 12 മത്സരങ്ങളിലാണ് താരം ബൂട്ട് കെട്ടിയത്.
2020ൽ ഐ ലീഗ് ക്ലബ്ബ് ട്രാവു എഫ്‌സിയിലെത്തിയതാണ് ബിദ്യാഷാഗറിന്‍റെ കരിയറില്‍ വമ്പന്‍ വഴിത്തിരിവായത്. ട്രാവു എഫ്‌സിക്കായി 15 മത്സരങ്ങളിൽ നിന്നും രണ്ട് ഹാട്രിക് ഉള്‍പ്പടെ 12 ഗോളുകള്‍ നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ട്രാവു എഫ്‌സി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത സീസണില്‍ നിരവധി വ്യക്തിഗത അംഗീകാരങ്ങൾ ബിദ്യാഷാഗറിന് തേടിയെത്തിയിരുന്നു.
ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോറർ, ഹീറോ ഓഫ് ദി സീസൺ എന്നിവയ്‌ക്ക് പുറമെ ഐ ലീഗ് ടീം ഓഫ് ദി സീസണിലും ബിദ്യാഷാഗർ ഇടം പിടിച്ചു. ഈ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് താരം ബെംഗളൂരുവിലെത്തിയത്.