എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തിന് അൽപ്പസമയത്തിനകം കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തുടക്കം. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സും അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും തമ്മിലാണ് മത്സരം. നായകൻ ജെസൽ കർണെയ്റോയുടെ കീഴിൽ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഇലവനിൽ മലയാളി താരം സഹൽ അബ്‌ദുൾ സമദ് ഇടം പിടിച്ചിട്ടുണ്ട്.
പ്രഭ്‌സുഖന്‍ ഗില്‍ തന്നെയാണ് ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍വല കാക്കുന്നത്. മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര, ഹോര്‍മിപാം റുയ്‌വ, ജെസെല്‍ കര്‍ണെയ്‌റോ എന്നിവരാണ് പ്രതിരോധനിരയിലുള്ളത്. മധ്യനിരയില്‍ ജീക്‌സണ്‍ സിങ്, പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്‌ദുള്‍ സമദ് എന്നിവരിറങ്ങുമ്പോള്‍ ദിമിട്രിയോസ് ഡയമന്‍റകോസ്, അപ്പോസ്‌തോലോസ് ജിയാനോ എന്നിവരാണ് മുന്നേറ്റ നിരയിൽ.
കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പടയുടെ നടുവിൽ വർഷങ്ങൾക്ക് ശേഷം പന്തുതട്ടാനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നില്ല. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനിമിടയിൽ നഷ്‌ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാൻ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതീക്ഷ. കൂടാതെ പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ചിന്‍റെ തന്ത്രങ്ങളും ബ്ലാസ്റ്റേഴ്‌സിന് കരുത്തേകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കേരള ബ്ലാസ്റ്റേഴ്‌സ്:പ്രഭ്‌സുഖൻ ഗിൽ (ഗോൾ കീപ്പര്‍), ഹർമൻജ്യോത് ഖാബ്ര, മാർകോ ലെസ്കോവിച്ച്, റുയിവ ഹോർമിപാം, ജെസ്സൽ, പൂട്ടിയ, സഹൽ അബ്‌ദുള്‍ സമദ്, അഡ്രിയാൻ ലൂണ, ജീക്‌സൻ സിങ്, അപോസ്‌തലസ് ജിയാനു, ദിമിത്രിയോസ് ഡയമന്‍റകോസ്.
ഈസ്റ്റ് ബംഗാൾ: കമൽജിത് സിങ് (ഗോള്‍കീപ്പർ), അങ്കിത് മുഖർജി, ലാൽചുങ്നുന, ഇവാൻ ഗോൺസാലസ്, ചാരിസ് കിരാകു, തുഹിൻ ദാസ്, സൗവിക് ചക്രവർത്തി, അലക്‌സ് ലിമ, വി.പി. സുഹൈർ, സുമീത് പാസി, ക്ലെയ്റ്റൻ സിൽവ.