കേരളം

kerala

ETV Bharat / sports

ISL Inauguration Match : കൊമ്പന്മാരുടെ മണ്ണില്‍ ഫുട്‌ബോള്‍ പൂരത്തിന് തുടക്കം ; വിജയിച്ച് തുടങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സ് - കേരളത്തിന്‍റെ കൊമ്പൻമാർ

ISL 10Th Edition Inauguration Match Kerala blasters Vs Bengaluru FC: കേരളത്തിന്‍റെ കൊമ്പന്മാര്‍ക്കായി മലയാളി താരം സച്ചിന്‍ സുരേഷാണ് ഗോള്‍വല കാക്കുക

Indian Super League  ISL Inauguration Match  Kerala blasters Vs Bengaluru FC  Kerala blasters  Bengaluru FC  കൊമ്പന്മാരുടെ മണ്ണില്‍  ഫുട്‌ബോള്‍ പൂരത്തിന് തുടക്കം  ബ്ലാസ്‌റ്റേഴ്‌സ്
ISL Inauguration Match

By ETV Bharat Kerala Team

Published : Sep 21, 2023, 8:22 PM IST

Updated : Sep 21, 2023, 10:50 PM IST

കൊച്ചി :ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (Indian Super League) പത്താം പതിപ്പിന് കൊമ്പന്മാരുടെ തട്ടകമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ പ്രൗഢോജ്വല തുടക്കം. ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സും എതിരാളികളായ ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള വീറും വാശിയും നിറഞ്ഞ പോരാട്ടത്തോടെയാണ് ഐഎസ്‌എല്ലിന്‍റെ പുതിയ പതിപ്പിന് തുടക്കമാവുന്നത്. കഴിഞ്ഞവര്‍ഷം വിവാദമായ ഫ്രീകിക്കിനെ ചൊല്ലി കളംവിട്ട ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും വീണ്ടും കൊമ്പുകോര്‍ക്കാനെത്തുന്നു എന്നത് തന്നെയാണ് സീസണ്‍ ഓപ്പണര്‍ മത്സരത്തെ വ്യത്യസ്‌തമാക്കുന്നത് (ISL Inauguration Match Kerala blasters Vs Bengaluru FC).

അതേസമയം ഇതോടെ തുടര്‍ച്ചയായ എട്ടാം സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. മാത്രമല്ല സ്വന്തം തട്ടകത്തില്‍ തിങ്ങിനിറഞ്ഞ തങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ സീസണിലെ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സിന് മുന്നില്‍ പ്രതീക്ഷകളുടെ ഭാരം ഏറെയുണ്ട്. അതുകൊണ്ടുതന്നെ വാനോളം പ്രതീക്ഷകളുമായി ഒഴുകിയെത്തുന്ന മഞ്ഞപ്പടയുടെ ആരാധകർക്ക് മുമ്പിൽ വിജയത്തിൽ കുറഞ്ഞൊന്നും കേരളത്തിന്‍റെ കൊമ്പൻമാർ ആഗ്രഹിക്കുന്നുമില്ല.

മൂന്ന് തവണ ഫൈനലില്‍ കാലിടറി, കൈ അകലത്തില്‍ കിരീടം നഷ്‌ടപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് കൈവിട്ട് പോയ കപ്പ് ഇത്തവണയെങ്കിലും ഷെല്‍ഫിലെത്തിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യം മാത്രമാണ് ഊണിലും ഉറക്കത്തിലുമുള്ളത്.

ആദ്യ ഇലവനില്‍ ഇവര്‍ : കേരളത്തിന്‍റെ കൊമ്പന്മാര്‍ക്കായി മലയാളി താരം സച്ചിന്‍ സുരേഷാണ് ഗോള്‍വല കാക്കുക. പ്രതിരോധത്തില്‍ അനുഭവസമ്പന്നരായ പ്രബീര്‍ ദാസ്, പ്രീതം കോട്ടാല്‍ എന്നിവര്‍ക്കൊപ്പം യുവതുര്‍ക്കികളായ ഐബന്‍ ദോഹ്‌ലിങും മിലോസുമെത്തും. മധ്യനിരയില്‍ എണ്ണയിട്ട യന്ത്രംപോലെ കളിക്കുന്നതിനും കളിമെനയുന്നതിനും നായകന്‍ അഡ്രിയാന്‍ ലൂണ, വിശ്വസ്‌തനായ ജീക്‌സണ്‍ സിങ്, ഡാനിഷ് ഫാറൂഖി, ഇത്തവണ ടീമിലെത്തിയ ജാപ്പനീസ് താരം ദെയ്‌സുകേ സകായ് എന്നിവരാണുള്ളത്. മുന്നേറ്റ നിരയില്‍ ഘാനയില്‍ നിന്നെത്തിയ സെന്‍റര്‍ ഫോര്‍വേഡ് ക്വാമി പെപ്രയും ബ്ലാസ്‌റ്റേസിന്‍റെ പുതിയ കണ്ടെത്തലായ മുഹമ്മദ് ഐമനുമാണുണ്ടാവുക.

മത്സരത്തിന് മുമ്പേ മഞ്ഞക്കടല്‍ :ഐഎസ്എൽ പത്താം സീസണിന്‍റെ ആദ്യ മത്സരത്തിന് മുമ്പേ തന്നെ കൊച്ചി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാൽ മഞ്ഞക്കടലായി മാറിയിരുന്നു. കൊച്ചിയിൽ ആർത്തലച്ചെത്തിയ ആരാധകർക്ക് മുമ്പിൽ ബ്ലാസ്‌റ്റേഴ്‌സിന് ഏത് എതിരാളികളെയും നിഷ്പ്രഭമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഫുട്ബോൾ പ്രേമികൾ പ്രകടിപ്പിച്ചത്. ചെറുതും വലുതുമായ ഗ്രൂപ്പുകളായി ബ്ലാസ്‌റ്റേഴ്സ് ജേഴ്‌സിയണിഞ്ഞ ആരാധകർ വൈകുന്നേരം മുതൽ കൊച്ചി നഗരത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

കുടുംബസമേതം മത്സരം കാണാനെത്തിയവരെയും കാണാമായിരുന്നു. ഇന്നത്തെ മത്സരം ജയിച്ചില്ലങ്കിൽ മൊട്ടയടിക്കുമെന്ന് വാതുവച്ചെത്തിയ ഫുട്ബോൾ പ്രേമികളുമുണ്ടായിരുന്നു. കളിയെ കുറിച്ച് ആധികാരമായി സംസാരിക്കുന്നവരെയും ഗോൾ ഉൾപ്പടെ പ്രവചിക്കുന്ന ആരാധകരെയും കാണാമായിരുന്നു.

തുടക്കം ചാറ്റല്‍ മഴയോടെ : കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിയോടെയാണ് പത്താം സീസണിന് വിസിൽ മുഴങ്ങിയത്. ചാറ്റൽ മഴയുടെ അകമ്പടിയോടെയാണ് ആതിഥേയരായ കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിലുള്ള ഉദ്ഘാടന മത്സരം തുടങ്ങിയത്. ഇന്ത്യൻ ഫുട്ബോളിന്‍റെ ചരിത്രത്തിൽ പത്ത് വർഷം പൂർത്തിയാക്കിയെന്ന പുതിയൊരു ചരിത്രം കൂടി ഇതോടെ ഐഎസ്എൽ രചിച്ചിരിക്കുകയാണ്.

Last Updated : Sep 21, 2023, 10:50 PM IST

ABOUT THE AUTHOR

...view details