മഡ്‌ഗാവ്:ഇന്ത്യൻ സൂപ്പർ ലീഗിൽ എസ് സി ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞ് ഹൈദരാബാദ് എഫ്.സി പോയിന്‍റ് പട്ടികയിൽ ഒന്നാമത്. തിങ്കളാഴ്‌ച നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഹൈദരാബാദിന്‍റെ വിജയം. ഇരട്ട ഗോളുകൾ നേടിയ ബർത്തലോമ്യു ഓഗ്‌ബെച്ചെയാണ് കളിയിലെ താരം.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ആക്രമിച്ചാണ് ഹൈദരാബാദ് കളിച്ചത്. ഇതിന്‍റെ തുടർച്ചയെന്നോണം 21-ാം മിനിട്ടിൽ തന്നെ ആദ്യ ഗോളും അവർ സ്വന്തമാക്കി. ഓഗ്ബെച്ചെയുടെ തകർപ്പനൊരു ഹെഡർ ഈസ്റ്റ് ബംഗാൾ താരം ഹോക്കിപിന്‍റെ ദേഹത്ത് തട്ടി ഗോളായിമാറുകയായിരുന്നു. ഇത് സെൽഫ് ഗോളായാണ് കണക്കാക്കിയത്.
എന്നാൽ 44-ാം മിനിട്ടിൽ ഓഗ്‌ബെച്ചെ വീണ്ടും ഗോളടിച്ചു. തൊട്ടുപിന്നാലെ ആദ്യ പകുതിയുടെ എക്സ്‌ട്രാ ടൈമിൽ അനിൽകേത് യാധവ് ഹൈദരാബാദിന്‍റെ മൂന്നാം ഗോളും നേടി. ഇതോടെ മൂന്ന് ഗോളിന്‍റെ തകർപ്പൻ ലീഡുമായി ഹൈദരാബാദ് ആദ്യ പകുതിയിൽ മുന്നിട്ട് നിന്നു.