ഫത്തോഡ : ഇന്ത്യയുടെ ഫുട്‌ബോള്‍ മാമാങ്കമായ ഐഎസ്എല്ലില്‍ അരങ്ങേറ്റ സീസണില്‍ തന്നെ സ്വന്തം ടീം കപ്പടിക്കുകയെന്നത് ഏതൊരു കളിക്കാരെനേയും സന്തോഷം കൊണ്ട് കണ്ണ് നനയിക്കുന്ന കാര്യമാണ്. എന്നാല്‍ ഫത്തോഡയിലെ വിജയാരവങ്ങള്‍ക്കിടയില്‍ ഹൈദരാബാദ് എഫ്‌സിയുടെ മലയാളി താരം അബ്ദുല്‍ റബീഹിന്‍റെ കണ്ണുനിറഞ്ഞത് പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ഉള്ളുനൊന്താണ്.
ജന്മനാടായ മലപ്പുറം ഒതുക്കുങ്ങലില്‍ നിന്നും ഫൈനല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് പുറപ്പെട്ട താരത്തിന്‍റെ കൂട്ടുകാരാണ് വഴിമധ്യേ അപകടത്തില്‍പ്പെട്ട് മരണത്തിന് കീഴടങ്ങിയത്. റബീഹിന്‍റെ പിതൃസഹോദര പുത്രന്‍ മുഹമ്മദ് ഷിബില്‍, അയല്‍വാസിയായ ജംഷീര്‍ എന്നിവരാണ് ഉദുമ പള്ളത്ത് വച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അഞ്ചരയോടെ ഇവര്‍ സഞ്ചരിച്ച ബൈക്കിൽ മിനിലോറി ഇടിക്കുകയായിരുന്നു.