ഗുവാഹത്തി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ് ഹൈദരാബാദ് എഫ്‌സി. നോര്‍ത്ത് ഈസ്റ്റിന്‍റെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദിന്‍റെ വിജയം. നോർത്ത് ഈസ്റ്റിന്‍റെ തുടർച്ചയായ രണ്ടാം പരാജയമാണിത്.
13-ാം മിനിട്ടിലാണ് ഹൈദരാബാദ് മത്സരത്തിൽ ആദ്യമായി വലകുലുക്കിയത്. സൂപ്പർ താരം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയുടെ വകയായിരുന്നു ഗോൾ. ഓഗ്‌ബെച്ചെയുടെ 54-ാം ഐ.എസ്.എല്‍. ഗോള്‍ കൂടിയാണിത്. മറുപടി ഗോളിനായി നോർത്ത് ഈസ്റ്റ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഹൈദരാബാദ് പ്രതിരോധനിരയെ മറികടക്കാനായില്ല. ഇതോടെ ഒരു ഗോളിന്‍റെ ലീഡുമായി ഹൈദരാബാദ് ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ ഹൈദരാബാദ് ആക്രമണത്തിന് മൂർച്ചകൂട്ടി. 53-ാം മിനിട്ടിൽ പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ഓഗ്‌ബെച്ചെയ്‌ക്ക് പിഴച്ചു. താരത്തിന്‍റെ കിക്ക് നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യ തട്ടിയകറ്റുകയായിരുന്നു. എന്നാൽ 69-ാം മിനിട്ടില്‍ ഹാളിചരണ്‍ നര്‍സാരിയിലൂടെ ഹൈദരാബാദ് രണ്ടാം ഗോളടിച്ചു.
ഇതോടെ ഹൈദരാബാദ് വിജയം ഉറപ്പിച്ചു. ഇതിനിടെ പകരക്കാരനായിറങ്ങിയ ബോർയ ഹെരേര ഹൈദരാബാദിന്‍റെ മൂന്നാം ഗോളും സ്വന്തമാക്കി. 71-ാം മിനിട്ടിലാണ് താരം ഗോൾ നേടിയത്. വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റുമായി ഹൈദരാബാദ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.