പനാജി: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ പോയിന്‍റ് പട്ടികയുടെ തലപ്പത്ത്. ഞായറാഴ്‌ച നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ കീഴടക്കിയാണ് മഞ്ഞപ്പട ലീഗിന്‍റെ തലപ്പത്തെത്തിയത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ വീഴ്‌ത്തിയത്. ആദ്യ പകുതിയില്‍ ആല്‍വാരോ വാസ്ക്വസാണ് കൊമ്പന്മാരുടെ വിജയ ഗോള്‍ നേടിയത്. തുടക്കം മുതല്‍ക്ക് ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ഇരു സംഘവും പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ഒപ്പത്തിനൊപ്പം നിന്നു.
മത്സരത്തിന്‍റെ 42ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കാത്തിരുന്ന ഗോള്‍ പിറന്നത്. കോര്‍ണര്‍ പോസ്റ്റിന് തൊട്ടടുത്ത് നിന്നുള്ള ഹര്‍മന്‍ജ്യോത് ഖബ്രയുടെ നീളന്‍ ത്രോ ബോളാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിനകത്തെത്തിയ പന്ത് സഹല്‍ അബ്ദുള്‍ സമദ് പിന്നിലേക്ക് ഹെഡ് ചെയ്തു.
ഈ പന്ത് ഒഴിവാന്‍ ഹൈദരാബാദ് താരം ആശിഷ് റായ് ശ്രമം നടത്തിയെങ്കിലും തക്കം പാര്‍ത്തിരുന്ന വാസ്‌ക്വസിന്‍റെ ഇടംകാലന്‍ വോളി വലകുലുക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ ഹൈദരാബാദ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോളകന്ന് നിന്നതോടെ മത്സരം ബ്ലാസ്റ്റേഴ്‌സിനൊപ്പം നിന്നു.
നേരത്തെ 2014-ലാണ് ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയുടെ തലപ്പത്തെത്തിയത്. സീസണില്‍ ആദ്യ മത്സരത്തില്‍ എടികെയോട് തോറ്റ് തുടങ്ങിയെങ്കിലും തുടര്‍ന്നുള്ള ഒമ്പത് മത്സരങ്ങളില്‍ സംഘം തോല്‍വി അറിഞ്ഞിട്ടില്ല.
നിലവില്‍ 10 മത്സരങ്ങളില്‍ 17 പോയിന്‍റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. നാല് വിജയങ്ങളും അഞ്ച് സമനിലയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.
അതേസമയം 10 മത്സരങ്ങളില്‍ 16 പോയിന്‍റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്താണ്. നാല് വീതം ജയവും സമനിലയും നേടിയ സംഘം രണ്ട് മത്സരങ്ങളിലാണ് തോല്‍വി വഴങ്ങിയത്.