തൃശൂര്‍ :ഐഎസ്‌എല്ലില്‍ രണ്ട് തവണ നഷ്‌ടമായ കിരീടം തേടി കലാശപ്പോരിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ദൈവത്തിന്‍റെ പിന്തുണ തേടിയും ആരാധകര്‍. ക്ഷേത്രങ്ങളില്‍ പുഷ്‌പാഞ്ജലിയും, പ്രത്യേക പൂജകളും നടത്തി അവര്‍ ബ്ലാസ്റ്റേഴ്‌സ് സ്നേഹം പ്രകടിപ്പിക്കുകയാണ്.
കേരള പഴനി എന്നറിയപ്പെടുന്ന ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ പേരില്‍ കഴിപ്പിച്ച പുഷ്‌പാഞ്ജലിയുടെ രസീത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ (ആയില്യം), ആല്‍വാരൊ വാസ്ക്വസ് (അത്തം), മാർകോ ലെസ്കോവിച്ച് (അത്തം), ഗോള്‍ കീപ്പര്‍ ഗില്‍ (ഉത്രട്ടാതി) എന്നിവരുടെ പേരിലാണ് ഇവിടെ പുഷ്‌പാഞ്ജലി കഴിപ്പിച്ചിരിക്കുന്നത്. കളിക്കളത്തില്‍ ഒത്തിണക്കത്തോടെ കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് ദൈവത്തിന്‍റെ പിന്തുണ കൂടിയുണ്ടെങ്കില്‍ കപ്പടിക്കാനാവുമെന്നാണ് വിശ്വാസികളായ ആരാധകര്‍ പറയുന്നത്.