ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ് സിയെ അട്ടിമറിച്ച് എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മോഹൻ ബഗാന്‍റെ വിജയം. വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 23 പോയിന്‍റുമായി മോഹൻബഗാൻ നാലാം സ്ഥാനത്തേക്കുയർന്നു.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 56-ാം മിനിട്ടിൽ ലിസ്റ്റൻ കൊളാസോയാണ് മോഹൻ ബഗാന്‍റെ ആദ്യ ഗോൾ സ്വന്തമാക്കിയത്. മൂന്ന് മിനിട്ടിനുള്ളിൽ മൻവീർ സിങിലൂടെ രണ്ടാം ഗോൾ നേടി എടികെ ഹൈദരാബാദിനെ വീണ്ടും ഞെട്ടിച്ചു.
പിന്നാലെ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ 67-ാം മിനിട്ടിൽ ജോയൽ കിയാനിസെയിലൂടെയാണ് ഹൈദരാബാദ് ആശ്വാസ ഗോൾ നേടിയത്. ഇതിന് ശേഷം മികച്ച രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാൻ ഹൈദരാബാദിനായില്ല.
ALSO READ:'ക്രിക്കറ്റ് മതിയാക്കി ഓട്ടോ ഓടിക്കാന്‍ പലരും പറഞ്ഞു' ; വെളിപ്പെടുത്തലുമായി മൊഹമ്മദ് സിറാജ്
പരിക്ക് കാരണം ഹ്യൂഗോ ബോമസിനെയും കാൾ മക്‌ഹ്യുവിനെയും ആദ്യ പകുതിയിൽ തന്നെ നഷ്‌ടമായിട്ടും വാശിയോടെ പോരാടിയാണ് എടികെ മോഹൻ ബഗാൻ വിജയം പിടിച്ചെടുത്തത്. തോറ്റെങ്കിലും 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്‍റുമായി ഹൈദരാബാദ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.