കൊച്ചി: സൂപ്പര്‍ സ്‌ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വെസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. ഇക്കാര്യം സ്ഥിരീകരിച്ച് ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ അവിസ്‌മരണീയ നിമിഷങ്ങള്‍ സമ്മാനിച്ചതിന് നന്ദി അറിയിക്കുന്നതായി കേരള ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.
ഐഎസ്‌എല്ലിന്‍റെ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചതില്‍ നിര്‍ണായക പങ്കാണ് സ്‌പാനിഷ് താരത്തിനുള്ളത്. ബ്ലാസ്‌റ്റേഴ്‌സിന്‍റെ മിക്ക മത്സരങ്ങള്‍ക്കും കളത്തിലിറങ്ങിയ താരം സീസണില്‍ എട്ട് ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
മേയ് 31വരെയാണ് വാസ്‌ക്വെസിന് ബ്ലാസ്‌റ്റേഴ്‌സുമായി കരാറുള്ളത്. 31കാരനായ വാസ്‌ക്വെസ് എഫ്‌സി ഗോവയിലേക്ക് ചേക്കേറുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എഫ്‌സി ഗോവയുമായി വാസ്‌ക്വെസ് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷ കരാറിലാണ് താരം ഗോവയിലെത്തുകയെന്നാണ് വിവരം.
also read:അര്‍ജന്‍റീനയുടെ 'മാലാഖ' ബൂട്ടഴിക്കുന്നു; ഖത്തര്‍ ലോകകപ്പോടെ അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിക്കുമെന്ന് ഡി മരിയ
വാസ്‌ക്വെസിനായി യുഎസ്, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നും മറ്റ് ചില ഐഎസ്‌എല്‍ ക്ലബുകളും ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഗോവയില്‍ കളിക്കാന്‍ താരം സമ്മതം അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.