പനാജി : ഐഎസ്‌എല്ലിന്‍റെ കലാശപ്പോരില്‍ ബെംഗളൂരു എഫ്‌സിയെ കീഴടക്കി കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്‍. അവേശം അലതല്ലിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് എടികെ മോഹന്‍ ബഗാന്‍ ബെംഗളൂരുവിനെ തോല്‍പ്പിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും രണ്ട് സംഘവും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിയത്.
ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് എടികെ ബെംഗളൂരുവിനെ തളച്ചത്. പെനാല്‍റ്റിയില്‍ എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസ്, ലിസ്റ്റണ്‍ കൊളാസോ, കിയാന്‍ നസീരി, മന്‍വീര്‍ സിങ് എന്നിവരാണ് വലകുലുക്കിയത്. ബെംഗളൂരുവിനായി അലന്‍ കോസ്റ്റ, സുനില്‍ ഛേത്രി, റോയ് കൃഷ്ണ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബ്രൂണോ റമീറസ്, പാബ്ലോ പെരെസ് എന്നിവരുടെ കിക്കുകള്‍ പാഴായി.
പെനാല്‍റ്റിയില്‍ നിന്നുമാണ് ഫൈനലിലെ നാലില്‍ മൂന്ന് ഗോളുകളും പിറന്നത്. എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ കണ്ടെത്തിയപ്പോള്‍ സുനില്‍ ഛേത്രിയും റോയ് കൃഷ്‌ണയുമാണ് ബെംഗളൂരുവിനായി ഗോളടിച്ചത്. മത്സരത്തിന്‍റെ തുടക്കം തൊട്ട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്‌ചയ്‌ക്കാണ് ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയം സാക്ഷിയായത്.
എന്നാല്‍ 14-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ദിമിത്രി പെട്രറ്റോസ് എടികെ മോഹന്‍ ബഗാനെ മുന്നിലെത്തിച്ചു. ഒരു കോര്‍ണറിന്‍റെ ബാക്കിപത്രമായാണ് ഈ പെനാല്‍റ്റി വന്നത്. ദിമിത്രി പെട്രറ്റോസിന്‍റെ കിക്ക് ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധു രക്ഷപ്പെടുത്തിയെങ്കിലും ഈ പന്ത് വന്നത് ആഷിഖ് കുരുണിയന് നേര്‍ക്കാണ്. അപകടമൊഴിവാക്കാനായി റോയ് കൃഷ്ണ പന്ത് കൈകൊണ്ട് തടുത്തതിനായിരുന്നു റഫറി എടികെയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ദിമിത്രി പെട്രറ്റോസിന് പിഴച്ചില്ല.
ഒപ്പമെത്താന്‍ ബെംഗളൂരു ആക്രമണം കടുപ്പിച്ചതോടെ നിരവധി അവസരങ്ങള്‍ പിറന്നുവെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബെംഗളൂരു ഒപ്പമെത്തി. 45+5ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. എടികെ ബോക്‌സില്‍ സുഭാശിഷ് റോയ് എടികെ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.