കൊൽക്കത്ത : ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ തോൽവി. ബ്ലാസ്റ്റേഴ്‌സിനായി ദിമിത്രിയോസ് ഡയമന്‍റക്കോസ് ഗോൾ നേടിയപ്പോൾ എടികെക്കായി ഹാൾ മക്‌ഹ്യൂ ഇരട്ട ഗോളുകളുമായി തിളങ്ങി. ഇതിനിടെ 64-ാം മിനിട്ടിൽ രാഹുൽ കെപിക്ക് ചുവപ്പ് കാർഡ് കിട്ടിയതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. വിജയത്തോടെ എടികെ മോഹൻബഗാൻ പ്ലേഓഫ് ഉറപ്പിച്ചു.
എടികെ മോഹൻ ബഗാനെതിരെ 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. തുടക്കം മുതൽ ശക്‌തമായ ആക്രമണത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഇതിന്‍റെ ഫലമായി 16-ാം മിനിട്ടിൽ തന്നെ കൊമ്പൻമാർ ആദ്യ ഗോൾ നേടി. മോഹൻ ബഗാന്‍റെ പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്ന് അപോസ്‌തലസ് ജിയാനു നൽകിയ മനോഹരമായ പാസ് ഡയമന്‍റകോസ് ഗോളാക്കി മാറ്റുകയായിരുന്നു.
എന്നാൽ ആഘോഷങ്ങൾ അവസാനിക്കും മുന്നേ തന്നെ മോഹൻ ബഗാൻ തിരിച്ചടിച്ചു. 23-ാം മിനിട്ടിൽ ഹാൾ മക്‌ഹ്യൂമിലൂടെയായിരുന്നു ബഗാന്‍റെ ഗോൾ. തുടർന്ന് രണ്ടാം ഗോളിനായി ഇരു ടീമുകളും പരസ്‌പരം ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഇതോടെ ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിലും ഇരു ടീമുകളും പരസ്‌പരം ആക്രമിച്ചാണ് കളിച്ചത്. ഗോളെന്ന് തോന്നിക്കുന്ന നിരവധി അവസരങ്ങളാണ് ഇരുവരും ബോക്‌സിനുള്ളിൽ സൃഷ്‌ടിച്ചത്. എന്നാൽ ഒന്നും തന്നെ ഗോളാക്കി മാറ്റാനായില്ല. ഇതിനിടെ 64-ാം മിനിട്ടിൽ രാഹുൽ കെപി ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെയാണ് 50-ാം മത്സരത്തിനിറങ്ങിയ രാഹുൽ കെപിക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്‍റെ ദൗർബല്യം മുതലെടുത്ത് മോഹൻ ബഗാൻ ആക്രമണം അഴിച്ചുവിടാൻ തുടങ്ങി. ഇതിന്‍റെ ഫലമായി 71-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ഹാൾ മക്‌ഹ്യൂ തന്‍റെ രണ്ടാം ഗോളും നേടി.
ബ്ലാസ്റ്റേഴ്‌സിന്‍റ പ്രതിരോധത്തിലെ ദൗർബല്യം മുതലെടുത്താണ് താരം ഗോൾ നേടിയത്. ഗോൾ നേടിയതിന് ശേഷവും ബ്ലാസ്റ്റേഴ്‌സ് ഗോൾ മുഖത്തേക്ക് മോഹൻ ബഗാൻ നിരന്തരം ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു. അതിനാൽ തന്നെ പ്രതിരോധത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച ബ്ലാസ്റ്റേഴ്‌സിന് സമനില ഗോൾ നേടാനായില്ല.
വിജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 31 പോയിന്‍റുമായി എടികെ മോഹൻ ബഗാൻ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കെത്തി. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും തുടർച്ചയായ രണ്ടാം തോൽവിയോടെ ബ്ലാസ്റ്റേഴ്‌സ് 19 മത്സരങ്ങളിൽ നിന്ന് 31 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തേക്ക് വീണു. 19 മത്സരങ്ങളിൽ നിന്ന് 46 പോയിന്‍റുമായി മുംബൈ സിറ്റി എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്.
ഹൈദരാബാദിന് ഞെട്ടിക്കുന്ന തോൽവി: അതേസമയം ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ ഹൈദരാബാദ് എഫ്‌സിക്കെതിരെ ജംഷഡ്‌പൂർ എഫ്‌സി തകർപ്പൻ വിജയം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജംഷഡ്‌പൂരിന്‍റെ വിജയം. ഹൈദരാബാദിനായി ബെർത്തലോമ്യൂ ഒഗ്‌ബച്ചെ രണ്ട് ഗോളുകൾ നേടിയപ്പോൾ, ജംഷഡ്‌പൂരിനായി ഋത്വിക് ദാസ്(22), ജേ ഇമ്മാനുവേൽ തോമസ്(27), ഡാനിയേൽ ചിമ(29) എന്നിവർ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും നേടി.