പനജി : നോർത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വാസ്‌ക്വസ് നേടിയ ഗോൾ ഐ.എസ്.എൽ മാച്ച് റൗണ്ട് 16ലെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടു. ആരാധകരുടെ വോട്ടിങ്ങിലൂടെയാണ് ഈ പുരസ്‌കാരം വാസ്‌ക്വസിന് ലഭിച്ചത്. വാസ്‌ക്വസിന്‍റെ ഗോളിന് 88 ശതമാനം വോട്ടോടെയാണ് മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടത്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ മത്സരത്തില്‍ വാസ്‌ക്വസ് നേടിയ ഗോൾ താരത്തിന്‍റെ പ്രതിഭ വിളിച്ചോതുന്നതായിരിന്നു. മത്സരത്തിന്‍റെ 82-ാം മിനിറ്റിൽ 59 മീറ്റര്‍ അകലെ നിന്നായിരുന്നു വാസ്‌ക്വസ് അത്ഭുത ഗോള്‍ സ്വന്തമാക്കിയത്. ഐഎസ്എല്ലില്‍ ഇതിനുമുമ്പ് ആരും തന്നെ ഇത്രയും ദൂരെ നിന്ന് ഗോള്‍ സ്‌കോര്‍ ചെയ്‌തിട്ടില്ല.