എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ നാലാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത് വമ്പൻ മാറ്റങ്ങളുമായി. കരുത്തരായ മുംബൈ സിറ്റിക്കെതിരെ കളത്തിലിറങ്ങുമ്പോൾ തുടർച്ചയായ രണ്ട് മത്സരങ്ങളിലെ പരാജയത്തിന് മറുപടിയായി വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ചിന്തിക്കുന്നില്ല. എടികെ മോഹന്‍ ബഗാനും ഒഡീഷക്കും എതിരായ പരാജയങ്ങളില്‍ നിന്ന് വലിയ മാറ്റങ്ങളുമായാണ് ഇവാന്‍ ഇന്ന് ടീമിനെ ഇറക്കുന്നത്.
പ്രതിരോധ നിരയിൽ വിക്‌ടർ മോംഗില്‍ എത്തിയപ്പോള്‍ ഹോര്‍മിപാം റുയ്വ ബെഞ്ചിലേക്ക് പോയി. മധ്യനിരയില്‍ ഇവാന് പകരം രാഹുല്‍ കെ പിയും ആദ്യ ഇലവനിൽ ഇടം നേടി. ഇവാൻ കലിയുഷ്‌നി ഇന്ന് പകരക്കാരുടെ നിരയിലാണ്. ഹർമൻജോത് ഖബ്ര, ജെസെൽ കാർനെയ്‌റോ എന്നിവർ വിങ് ബാക്കുകളിലായി കളിക്കും.
മാർക്കോ ലെസ്‌കോവിച്ചും വിക്‌ടർ മോംഗിലുമാണ് പ്രതിരോധ നിരയിൽ. മധ്യനിരയിൽ ജീക്‌സണ്‍ സിങ്, പൂട്ടിയ കൂട്ടുകെട്ട് തുടരും. പ്രഭ്‌സുഖൻ ഗിൽ തന്നെയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോൾവല കാക്കുക. അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും രണ്ട് സമനിലയും ഉൾപ്പെടെ അപരാജിതമായാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്.
പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഒന്‍പതാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. പ്രതിരോധത്തിലെ വീഴ്‌ചകളാണ് ടീമിന് കഴിഞ്ഞ മത്സരങ്ങളില്‍ തിരിച്ചടിയായത്. മൂന്ന് മത്സരങ്ങളില്‍ ആറ് ഗോള്‍ നേടിയ ടീം ഇതുവരെ എട്ട് ഗോളുകളാണ് നേടിയത്. മുംബൈക്കെതിരെ സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുമ്പോള്‍ പ്രതിരോധത്തിലെ പാളിച്ചകള്‍ പരിഹരിക്കുകയാകും കേരളത്തിന്‍റെ ലക്ഷ്യം.
കേരള ബ്ലാസ്റ്റേഴ്‌സ്: പ്രഭ്‌സുഖന്‍ ഗില്‍, ഹര്‍മന്‍ജോത് ഖബ്ര, മാര്‍കോ ലെസ്‌കോവിച്ച്, വിക്‌ടര്‍ മോംഗില്‍, ജെസെല്‍ കാര്‍നെയ്റോ, പുട്ടിയ, ജീക്‌സണ്‍ സിങ്, രാഹുല്‍ കെ.പി, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്‌ദുള്‍ സമദ്, ദിമിത്രിയോസ് ഡയമന്‍റകോസ്.