മഡ്‌ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ് വിജയ വഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയം. 70-ാം മിനിറ്റില്‍ ആയുഷ് അധികാരി ചുവപ്പ് കാർഡ് കണ്ട് പുറത്തായി പത്ത് പേരുമായി ചുരുങ്ങിയെങ്കിലും കരുത്തോടെ കളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചത്.
മത്സരത്തില്‍ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റായിരുന്നു കളിയുടെ ഗതി നിയന്ത്രിച്ചുകൊണ്ടിരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കോട്ട പോലെ ഉറച്ചുനിന്നതിനാൽ ഗോൾ നേടാൻ നോർത്ത് ഈസ്റ്റിനായില്ല. ഇതോടെ ഗോൾ രഹിത സമനിലയുമായി ആദ്യ പകുതി അവസാനിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ മറ്റൊരു ബ്ലാസ്റ്റേഴ്‌സിനെയാണ് കാണാൻ സാധിച്ചത്. 62-ാം മിനിറ്റില്‍ പെരേര ഡിയാസിലൂടെ ആദ്യ ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. പിന്നാലെ മത്സരത്തിലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ആയുഷ് അധികാരി പുറത്തായെങ്കിലും വാശിയോടെ കളിച്ച ബ്ലാസ്റ്റേഴ്‌സ് 82-ാം മിനിട്ടിൽ അൽവാരോ വാസ്‌ക്വസിലൂടെ രണ്ടാം ഗോളും നേടി.
ALSO READ:ബൗളിങ് ആക്‌ഷൻ നിയമ വിരുദ്ധം ; പാക് പേസർ മുഹമ്മദ് ഹസ്‌നൈനിന് വിലക്ക്
ഇന്‍ജുറി ടൈമിന്‍റെ അവസാന മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്. വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 23 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 16 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റ് മാത്രമുള്ള നോർത്ത് ഈസ്റ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.