ജംഷഡ്‌പൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്‌പൂർ എഫ്‌സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തുടർച്ചയായ നാലാം ജയം സ്വന്തമാക്കിയത്. 17-ാം മിനിട്ടിൽ ദിമിത്രിയോസ് ഡയമന്‍റക്കോസാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയ ഗോൾ നേടിയത്. വിജയത്തോടെ 15 പോയിന്‍റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്.
വിജയം തുടർക്കഥയാക്കി ബ്ലാസ്റ്റേഴ്‌സ്; ജംഷഡ്‌പൂരിനെ പിടിച്ചുകെട്ടി കൊമ്പൻമാർ - Manjappada
ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയം
പ്രതിരോധത്തിലൂന്നിയാണ് ജംഷഡ്‌പൂർ ബ്ലാസ്റ്റേഴ്‌സിനെ നേരിട്ടത്. എന്നാൽ 17-ാം മിനിട്ടിൽ ലൂണയുടെ അസിസ്റ്റിൽ നിന്ന് തകർപ്പനൊരു ഗോളോടെ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സിന് ആദ്യ ലീഡ് നേടിക്കൊടുക്കുകയായിരുന്നു. പിന്നാലെ ഇരുടീമുകളും നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചിരുന്നെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഇതോടെ ആദ്യ പകുതി ഒരു ഗോൾ ലീഡുമായി ബ്ലാസ്റ്റേഴ്‌സ് മത്സരം അവസാനിപ്പിച്ചു.
രണ്ടാം പകുതിയിലും ആക്രമണത്തിലൂന്നിയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഇതിനിടെ രണ്ടാം പകുതിയിൽ ലഭിച്ച ഫ്രീകിക്ക് മുതലാക്കാൻ ലൂണക്കായില്ല. അവസാന നിമിഷങ്ങളിൽ ജംഷഡ്‌പൂർ സമനില ഗോളിനായി തങ്ങളുടെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ മറികടക്കാനായില്ല. സീസണിൽ ജംഷഡ്‌പൂരിന്‍റെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്.