കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ ജയം. ബ്ലാസ്റ്റേഴ്‌സിനായി ലെസ്‌കോവിക്, ദിമിത്രിയോസ്, ജിയാനു എന്നിവർ ഗോളുകൾ നേടി. സുനിൽ ഛേത്രിയും ഹാവി ഫെർണാണ്ടസുമാണ് ബെംഗളൂരുവിന്‍റെ ഗോളുകൾ നേടിയത്. ഇതോടെ സീസണിൽ തുടച്ചയായ അഞ്ചാം ജയം സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്‌സിനായി.
കളം നിറഞ്ഞ് മഞ്ഞപ്പട: മത്സരത്തിന്‍റെ തുടക്കം മുതൽ അവസാനം വരെ കളം നിറഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് പന്തുതട്ടിയത്. ബെംഗളൂരു പ്രതിരോധത്തെ തകർത്തെറിയുന്ന പ്രകടനമായിരുന്നു കൊമ്പൻമാർ കാഴ്‌ചവച്ചത്. എന്നാൽ മത്സരത്തിന്‍റെ 12-ാം മിനിട്ടിൽ തന്നെ ബെംഗളൂരുവിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ഛേത്രിയെ ബോക്‌സിനുള്ളിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ഗിൽ വീഴ്‌ത്തിയതിനായിരുന്നു പെനാൽറ്റി. പെനാൽറ്റി എടുക്കാനെത്തിയ ഛേത്രി ഒരു പിഴവും കൂടാതെ തന്നെ പന്ത് വലയ്‌ക്കുള്ളിലെത്തിച്ചു.
ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആക്രമണം വീണ്ടും കടുപ്പിച്ചു. 23-ാം മിനിറ്റില്‍ ദിമിത്രിയോസിനെ സന്ദേശ് ജിങ്കന്‍ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ ലൂണയെടുത്ത ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ചു തെറിച്ചു. വീണ്ടും പന്ത് കൈക്കലാക്കിയ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ക്രോസ് എത്തിച്ചു. ബെംഗളൂരു പ്രതിരോധത്തിന്‍റെ വീഴ്‌ച മുതലെടുത്ത് ലെസ്കോവികിന്‍റെ മനോഹരമായ ഷോട്ട് ഗുര്‍പ്രീതിനെ വെട്ടിച്ച് വലയില്‍ കയറി. ഇതോടെ മത്സരം 1-1ന് സമനിലയിലായി.
തുടർന്നും ബ്ലാസ്റ്റേഴ്‌സ് ആക്രമണം തുടർന്നുകൊണ്ടിരുന്നു. പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിന് മിനിട്ടുകൾക്ക് മുന്നേ 43-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ ഗോൾ നേടി. നിഷു കുമാറില്‍ നിന്ന് വലതു വിങ്ങില്‍ നിന്ന് ലഭിച്ച പാസ് ലുണ ലോ ക്രോസായി ബോക്‌സിലേക്ക് നല്‍കി. ഓടിയെത്തിയ ദിമിത്രിയോസ് അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ഒരു ഗോൾ ലീഡുമായി ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി അവസാനിപ്പിച്ചു.
വീറോടെ രണ്ടാം പകുതി: രണ്ടാം പകുതിയിലും കളം നിറഞ്ഞുതന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. പല തവണ ബെംഗളൂരു ഗോൾ മുഖത്തേക്കെത്തി അവരെ വിറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിനായി. ഇതിനിടെ 70-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ അപ്പോസ്‌തൊലോസ് ജിയാനുവിലൂടെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മൂന്നാം ഗോളും കണ്ടെത്തി. പന്തുമായി മുന്നേറി ദിമിത്രിയോസ് നല്‍കിയ പാസ് ഗോള്‍കീപ്പറേയും മറികടന്ന് ജിയാനു വലയിലെത്തിക്കുകയായിരുന്നു. 68-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ ജിയാനു രണ്ട് മിനിറ്റിനുള്ളിലാണ് ബെംഗളൂരുവിനെ ഞെട്ടിച്ചുകൊണ്ട് വല കുലുക്കിയത്.
എന്നാൽ 80-ാം മിനിട്ടിൽ ബെംഗളൂരു തിരിച്ചടിച്ചു. പ്രതിരോധത്തിലെ പിഴവാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. ബോക്‌സിനുള്ളിലേക്ക് ഉയർന്നെത്തിയ ബോൾ ഹെഡ് ചെയ്‌ത് ഒഴിവാക്കാനുള്ള ഹോർമിപാമിന്‍റെ ശ്രമം വിഫലമായതോടെ ഓടിയെത്തിയ ഹാവി ഹെർണാണ്ടസ് ഇടം കാലുകൊണ്ട് മിന്നൽ വേഗത്തിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ വലയിലേക്ക് പന്തെത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കടുപ്പിച്ച് വിജയം നേടിയെടുക്കുകയായിരുന്നു.
വിജയത്തോടെ ഒൻപത് മത്സരങ്ങളിൽ നിന്ന് ആറ് ജയവും മൂന്ന് തോൽവിയുമുൾപ്പെടെ 18 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിൽ പന്തുതട്ടുന്ന ബെംഗളൂരു ഒൻപത് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും ആറ് തോൽവിയും ഉൾപ്പെടെ ഏഴ് പോയിന്‍റുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.