ബാംബോലിം : ഐഎസ്എല്ലിലെ രണ്ടാം സെമി ഫൈനലിന്‍റെ ആദ്യ പാദത്തിൽ എടികെ മോഹൻ ബഗാനെ തകർത്ത് ഹൈദരാബാദ് എഫ്‌സി. ഒന്നിനെതിരേ മൂന്ന് ഗോളിന്‍റെ തകർപ്പൻ ജയം നേടിയ ഹൈദരാബാദ് ഫൈനൽ സാധ്യത സജീവമാക്കി. രണ്ടാം പാദത്തിൽ രണ്ടുഗോളിന്‍റെ കടവുമായിട്ടാവും എടികെ ഇറങ്ങുക.
മത്സരത്തിന്‍റെ 18-ാം മിനിറ്റിൽ ആദ്യം ലീഡെടുത്തത് എടികെയായിരുന്നു. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ ലിസ്റ്റൺ കൊളാസോ നൽകിയ ക്രോസ് റോയ് കൃഷ്‌ണ അനായാസം വലയിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപായി ഓഗ്‌ബെച്ചെയിലൂടെ ഹൈദരാബാദ് സമനില നേടി. യാസിർ മുഹമ്മദെടുത്ത കോർണറിനെ തുടർന്ന് എടികെ ബോക്‌സിൽ രൂപപ്പെട്ട കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോൾ പിറന്നത്.