ബെംഗളൂരു:ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിന് പുതിയ സീസണിലും മാറ്റമില്ല. ഒമ്പതാം സീസണിലെ രണ്ടാം മത്സരത്തില്‍ തന്നെ മോശം റഫറിയിങ്ങുമായി ബന്ധപ്പെട്ട വിവാദം കത്തിക്കയറുകയാണ്. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് അര്‍ഹതപ്പെട്ട ഗോൾ നിഷേധിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്.
മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു വിജയിച്ചിരുന്നു. 87ാം മിനിട്ടില്‍ അലന്‍ കോസ്റ്റയാണ് ബെംഗളൂരുവിനായി ലക്ഷ്യം കണ്ടത്. എന്നാല്‍ അധിക സമയത്ത് യോന്‍ ഗസ്തനാഗ നോര്‍ത്ത് ഈസ്റ്റിനായി സമനില ഗോള്‍ നേടിയെങ്കിലും ഇതു നിഷേധിക്കപ്പെട്ടു. യോനിന്‍റെ ഷോട്ട് വലയില്‍ കയറും മുമ്പ് ഓഫ്സൈഡ് പൊസിഷനിലായിരുന്ന റൊമയ്‌നിന്‍റെ കാലില്‍ തട്ടിയെന്നായിരുന്നു റഫറിയുടെ വിധിച്ചത്.
എന്നാല്‍ പന്ത് താരത്തിന്‍റെ കാലില്‍ തട്ടിയില്ലെന്ന് റീപ്ലേയില്‍ വ്യക്തമാണെന്നാണ് നോര്‍ത്ത് ഈസ്റ്റ് ആരാധകരുടെ വാദം. ഇക്കാര്യം മത്സര ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ നേര്‍ത്ത് ഈസ്റ്റ് സഹ പരശീലകന്‍ പോൾ ഗ്രോവ്സ് പറയുകയും ചെയ്‌തു.