ദോഹ: പോർച്ചുഗലിന്‍റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസറുമായി കരാര്‍ ഒപ്പുവച്ചുവെന്നാണ് റിപ്പോര്‍ട്ട്. സീസണില്‍ രണ്ട് മില്യണ്‍ യൂറോയ്‌ക്ക് രണ്ടര വര്‍ഷത്തേക്കാണ് കരാറെന്നും പ്രമുഖ സ്‌പാനിഷ് സ്പോർട്‌സ് മാധ്യമമായ മാർക്കയാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. അടുത്ത വർഷം ജനുവരി ഒന്നിന് തുറക്കുന്ന ട്രാൻസ്‌ഫർ വിന്‍ഡോയിലൂടെ റൊണാൾഡോ അൽ നാസറിലെത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ക്രിസ്റ്റ്യാനോയും ക്ലബും കരാര്‍ ഒപ്പുവച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകരായ പിയേഴ്‌സ് മോര്‍ഗനും ഫാബ്രിസിയോ റൊമാനോയും. വാര്‍ത്ത സത്യമല്ലെന്ന് മോര്‍ഗന്‍ ട്വീറ്റ് ചെയ്‌തപ്പോള്‍ ഡോക്യുമെന്‍റുകളുടെ പരിശോധന നടക്കുന്നുണ്ടെന്നും എന്നാല്‍ ഇതേവരെ ഒരു കരാറിലും ഇരുകൂട്ടരും ഒപ്പുവച്ചിട്ടില്ലെന്നാണ് ട്രാന്‍സ്‌ഫര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ ഫാബ്രിസിയോ അറിയിച്ചിരിക്കുന്നത്. നിലവില്‍ റൊണാൾഡോയുടെ ശ്രദ്ധ ഖത്തര്‍ ലോകകപ്പിലാണെന്നും ഫാബ്രിസിയോ വ്യക്തമാക്കി.