കേരളം

kerala

ETV Bharat / sports

IPL 2023| അര്‍ധ സെഞ്ചുറിയുമായി ഫാഫും മാക്‌സിയും; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ - ഫാഫ് ഡുപ്ലെസിസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 172 റണ്‍സ് വിജയ ലക്ഷ്യം.

IPL 2023  Rajasthan Royals  Royal Challengers Bangalore  RR vs RCB score updates  sanju samson  faf du plessis  ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്  സഞ്‌ജു സാംസണ്‍  ഫാഫ് ഡുപ്ലെസിസ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
അര്‍ധ സെഞ്ചുറിയുമായി ഫാഫും മാക്‌സിയും

By

Published : May 14, 2023, 5:24 PM IST

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മികച്ച സ്‌കോര്‍ നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് ബാംഗ്ലൂരിന് തുണയായത്. രാജസ്ഥാനായി മലയാളി പേസര്‍ കെഎം ആസിഫ്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ്‌ ഡുപ്ലെസിസും ശ്രദ്ധയോടെ കളിച്ചതോടെ പതിഞ്ഞ തുടക്കമായിരുന്നു ബാംഗ്ലൂരിന് ലഭിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 42 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് ബാംഗ്ലൂര്‍ ടോട്ടലില്‍ ചേര്‍ത്തത്. എന്നാല്‍ ഏഴാം ഓവറിന്‍റെ അവസാന പന്തില്‍ വിരാട് കോലിയെ (19 പന്തില്‍ 18) മടക്കിക്കൊണ്ട് മലയാളി താരം കെഎം ആസിഫ് രാജസ്ഥാന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി.

ആസിഫിന്‍റെ സ്ലോ ബോളില്‍ പിഴച്ച കോലിയെ മിഡ് ഓഫില്‍ യശസ്വി ജയ്സ്വാള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ ഗ്ലെൻ മാക്‌സ്‌വെല്ലും ഡുപ്ലെസിസും ചേര്‍ന്ന് 14-ാം ഓവറില്‍ ബാംഗ്ലൂരിനെ നൂറ് റണ്‍സ് കടത്തി. ആസിഫ് എറിഞ്ഞ 15-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ സിക്‌സറടിച്ചുകൊണ്ട് ഡുപ്ലെസിസ് അര്‍ധ സെഞ്ചുറി തികച്ചു.

എന്നാല്‍ അഞ്ചാം പന്തില്‍ ബാംഗ്ലൂര്‍ നായകനെ യശസ്വി ജയ്‌സ്വാളിന്‍റെ കയ്യിലെത്തിക്കാന്‍ ആസിഫിന് കഴിഞ്ഞത് രാജസ്ഥാന് ആശ്വാസമായി. 44 പന്തില്‍ 55 റണ്‍സായിരുന്നു ഡുപ്ലെസിസിന്‍റെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ 69 റണ്‍സാണ് ഫാഫ്-മാക്‌സി സഖ്യം നേടിയത്. പിന്നീടെത്തിയ മഹിപാൽ ലോംറോർ (2 പന്തില്‍ 1) , ദിനേഷ് കാർത്തിക് (2 പന്തില്‍ 0) എന്നിവരെ വന്നപാടെ മടക്കിയത് ബാംഗ്ലൂരിന് തിരിച്ചടിയായി.

ലോംറോറിനെ ധ്രുവ് ജൂറൽ പിടികൂടിയപ്പോള്‍ ദിനേഷ് കാർത്തിക് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പിന്നാലെ 30 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി തികച്ചുവെങ്കിലും മാക്‌സ്‌വെല്ലിനെയും ബാംഗ്ലൂരിന് നഷ്‌ടമായി. സന്ദീപ് ശര്‍മ എറിഞ്ഞ 17-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ മാക്‌സ്‌വെല്‍ (33 പന്തില്‍ 54) ബൗള്‍ഡാവുകയായിരുന്നു. പിന്നീടെത്തിയ അനൂജ് റാവത്ത് (11 പന്തില്‍ 29*) അവസാന ഓവറുകളില്‍ വമ്പനടികള്‍ നടത്തിയതോടെയാണ് ബാംഗ്ലൂര്‍ മികച്ച നിലയില്‍ എത്തിയത്. ആസിഫ്‌ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സുകളും ഒരു ഫോറും സഹിതം 18 റണ്‍സാണ് ബാംഗ്ലൂര്‍ താരങ്ങള്‍ നേടിയത്. അനൂജിനൊപ്പം മൈക്കൽ ബ്രേസ്‌വെലും (9 പന്തില്‍ 9) പുറത്താവാതെ നിന്നു.

രാജസ്ഥാൻ റോയൽസ് (പ്ലേയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ജോ റൂട്ട്, ധ്രുവ് ജൂറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ആദം സാംപ, സന്ദീപ് ശർമ, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചഹൽ.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ , ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), മൈക്കൽ ബ്രേസ്‌വെൽ, വെയ്ൻ പാർനെൽ, കർൺ ശർമ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.

ABOUT THE AUTHOR

...view details