ന്യൂഡല്‍ഹി:പാകിസ്ഥാനില്‍ നടക്കുന്ന ലോക കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ താരങ്ങൾ അനുമതിയില്ലാതെ പോയതില്‍ നടുക്കം രേഖപ്പടുത്തി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ടീമല്ല പാകിസ്ഥാനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതെന്ന് ഐഒസി പ്രസിഡന്‍റ് നരീന്ദ്രർ ബത്ര മാധ്യമങ്ങളോട് പറഞ്ഞു. അവർക്ക് രാജ്യത്തിന്‍റെ പേരില്‍ മത്സരിക്കാനാവില്ല. അമേച്വർ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എകെഎഫ്ഐ)യുടെ അംഗീകാരത്തോടെയല്ല ടീം പാകിസ്ഥാനിലേക്ക് പോയത്. എത്രപേരാണ് പാകിസ്ഥാനിലേക്ക് പോയതെന്നതിനെ കുറിച്ച് ധാരണയില്ല. ഐഒസിയില്‍ അംഗമായ കബഡി ഫെഡറേഷന്‍ ഇതേ കുറിച്ച് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല. അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഇതേ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്നും നരീന്ദ്രർ ബത്ര വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള സംഘം പാകിസ്ഥാനില്‍ നടക്കുന്ന ലോക കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് നിലവിലെ എകെഎഫ്‌ഐയുടെ അധ്യക്ഷന്‍ കൂടിയായ റിട്ടയേർഡ് ജസ്റ്റിസ് എസ്‌പി ഗാർഗും വ്യക്തമാക്കി.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീം ലാഹോർ അതിർത്തി കടന്നാണ് പാകിസ്ഥാനില്‍ എത്തിയത്. ആദ്യമായാണ് ലോക കബഡി ചാമ്പ്യന്‍ഷിപ്പിന് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നത്. ഇതിന് മുമ്പ് നടന്ന ആറ് തവണയും ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചത് ഇന്ത്യയായിരുന്നു. ഇതില്‍ 2010-ലും 2019-ലും ഇന്ത്യ ജേതാക്കളാവുകയും ചെയ്‌തു.