ഹൈദരാബാദ്: ഐക്യരാഷ്‌ട്രസഭയുടെ ഒളിമ്പിക് ട്രൂസ് വിജ്ഞാപനത്തെ പിന്തുണച്ച ഇന്ത്യയുടെ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തുന്നതായി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക്ക്. സമാധാനപൂർണവും മെച്ചപ്പെട്ടതുമായ ഒരു കായിക ലോകം ഇതിലൂടെ പടുത്തുയർത്താനാകുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്കെഴുതിയ കത്തിലൂടെ പറഞ്ഞു.
മോദിക്ക് നന്ദിയർപ്പിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി - ഐഒസി വാർത്ത
ഒളിമ്പിക്‌സിന്‍റെ മെച്ചപ്പെട്ട നടത്തിപ്പിനായി ഐക്യരാഷ്‌ട്രസഭയുടെ ഒളിമ്പിക് ട്രൂസ് വിജ്ഞാപനത്തെ പിന്തുണച്ച ഇന്ത്യയുടെ നടപടിയിലാണ് നന്ദി രേഖപ്പെടുത്തിയത്
ഇതോടെ ഒളിമ്പിക് ഗെയിമുകൾ മികച്ച വിജയമായി മാറും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകൾക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാന്‍ വിജ്ഞാപനം സഹായിക്കും. 206 രാജ്യങ്ങളിലെ ഒളിമ്പിക് കമ്മിറ്റികളും അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റയുടെ റഫ്യൂജി ഒളിമ്പിക് ടീമും കായിക മേളയില്‍ മത്സരിക്കും. തുടർന്നും ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കുന്നതായും തോമസ് ബാക്ക് കത്തില്‍ വ്യക്തമാക്കി.
പുരാതന ഒളിമ്പിയയിൽ നടന്ന യഥാർഥ ഒളിമ്പിക് ഗെയിംസിന്‍റെ പാരമ്പര്യത്തിന് അനുസൃതമായി എല്ലാ ശത്രുതകളും നിർത്തലാക്കുന്നതിനാണ് യുഎന്‍ പ്രമേയം. 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിന്‍റെ സമാധാനപരമായ നടത്തിപ്പും പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നു. ഒളിമ്പിക്‌സിനെത്തുന്ന കായികതാരങ്ങളുടെയും കാണികളുടെയും സുരക്ഷിതമായ യാത്രയും പങ്കാളിത്തവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലി കഴിഞ്ഞ ഒമ്പതാം തിയതിയാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.