ടോക്കിയോ: അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ജപ്പാനെതിരെ ബ്രസീലിന് ഒറ്റഗോള്‍ ജയം. സൂപ്പര്‍ താരം നെയ്‌മറാണ് ബ്രസീലിന്‍റെ വിജയ ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയാണ് നെയ്‌മറിന്‍റെ ഗോള്‍ നേട്ടം. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണ കൊറിയയെ 5-1ന് കീഴടക്കിയ ആവേശത്തിലിറങ്ങിയ കാനറികളെ ജപ്പാന്‍ പിടിച്ചുകെട്ടുകയായിരുന്നു.
ടോക്കിയോയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ 63,638 കാണികള്‍ക്ക് നടുവിലാണ് മത്സരം നടന്നത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ നെയ്‌മറും, ലൂക്കാസ് പാക്വറ്റും, വിനീഷ്യസും ആക്രമിച്ച് കളിച്ചെങ്കിലും ജപ്പാന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ ഷൂചി ഗോണ്ടയും പിടിച്ച് നിന്നു. തുടര്‍ന്ന് 77ാം മിനിറ്റിലാണ് ബ്രസീലിന്‍റെ വിജയ ഗോള്‍ പിറന്നത്.