മിലാൻ : യുവേഫ ചാമ്പ്യൻസ് സെമി ഫൈനലിൽ മിലാൻ ഡെർബി. എസി മിലാന് പിന്നാലെ ക്വാർട്ടർ ഫൈനലിൽ ബെൻഫിക്കയെ കീഴടക്കി ഇന്‍റർ മിലാൻ സെമിയിലിടം പിടിച്ചതോടെയാണ് മിലാൻ ഡെർബിക്ക് കളമൊരുങ്ങിയത്. ഇരുപാദങ്ങളിലുമായി 5-3 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് ഇന്‍ററിന്‍റെ വിജയം.
മിലാനിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി തുല്യത പാലിക്കുകയായിരുന്നു. എങ്കിലും ലിസ്‌ബണിൽ നടന്ന ആദ്യ പാദത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ വിജയമാണ് ഇന്‍ററിന് സെമി ബർത്ത് ഉറപ്പാക്കിയത്. ഇന്‍ററിനായി നികോള ബരെല്ല, ലൗട്ടാരോ മാർട്ടിനസ്, ജൊക്വിൻ കൊറയ എന്നിവരാണ് ഗോൾ നേടിയത്. മറുവശത്ത് ബെൻഫിക്ക ഫ്രെഡ്രിക് ഔർസ്‌നെസ്, അന്‍റോണിയോ സിൽവ, പീറ്റർ മൂസ എന്നിവരിലൂടെയാണ് മറുപടി നൽകിയത്.
മത്സരത്തിന്‍റെ 12-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് നൽകിയ പാസിൽ നിന്നും നികോള ബരെല്ല നേടിയ ഗോളിലൂടെ ഇന്‍റർ ലീഡെടുത്തു. 38-ാം മിനിറ്റിൽ ഔർസ്‌നെസ് ബെൻഫികയെ ഒപ്പമെത്തിച്ചു. ഇതോടെ ആദ്യ പകുതി 1-1 ൽ അവസാനിച്ചു.
65-ാം മിനിറ്റിൽ ലൗട്ടാരോയിലൂടെ ഇന്‍റർ രണ്ടാം ഗോൾ നേടി. ഇതിന് പിന്നാലെ പകരക്കാരനായി കളത്തിലെത്തിയ കൊറയ മൂന്നാം ഗോൾ നേടിയതോടെ ഇന്‍റർ ആധികാരികമായി സെമി ടിക്കറ്റ് ഉറപ്പിച്ചു. 86-ാം മിനിറ്റിൽ അന്‍റോണിയ സിൽവയിലൂടെ രണ്ടാം ഗോൾ നേടിയ ബെൻഫിക ഇഞ്ച്വറി ടൈമിൽ പീറ്റർ മൂസയിലൂടെ സമനില ഗോൾ കണ്ടെത്തിയെങ്കിലും സെമിയിലെത്താൻ ഇത് മതിയാകുമായിരുന്നില്ല.