മിയാമി : അമേരിക്കയിലെ മേജർ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്‍റർ മിയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസിയെ പരിശീലിപ്പിക്കാനെത്തുന്നത് ബാഴ്‌സലോണയുടെയും അർജന്‍റീനയുടേയും മുൻ പരിശീലകൻ ജെറാർഡോ മാർട്ടിനോ. ഇന്‍റർ മിയാമിയുടെ മുഖ്യ പരിശീലകനായി മാർട്ടിനോയെ തെരഞ്ഞെടുത്ത വിവരം ക്ലബ് തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. മെസിയെ ബാഴ്‌സലോണയിലും അർജന്‍റീനയിലും പരിശീലിപ്പിച്ച പരിശീലകനാണ് മാർട്ടിനോ.
60 കാരനായ മാർട്ടിനോ ഉടൻ തന്നെ ക്ലബ്ബിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കും. 2013-14 സീസണിൽ ബാഴ്‌സലോണയുടെ പരിശീലകനായിരുന്ന ജെറാർജോ മാർട്ടിനോ മെക്‌സിക്കോ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്നാണ് ഇന്‍റർ മിയാമിയിലേക്ക് എത്തുന്നത്. ഇതിന് മുൻപ് എംഎസ്എല്ലിൽ അത്‌ലാന്‍റെ യുണൈറ്റഡിന്‍റെ പരിശീലകനായിരുന്ന അദ്ദേഹം 2018ൽ ക്ലബ്ബിന് കിരീടവും നേടിക്കൊടുത്തിരുന്നു.
2013-14 സീസണിൽ ടിറ്റോ വിലനോവയുടെ പകരക്കാരനായാണ് ജെറാൾഡോ മാർട്ടിനോ ബാഴ്‌സലോണയുടെ പരിശീലകനായി സ്ഥാനമേൽക്കുന്നത്. മാർട്ടിനോയുടെ കീഴിൽ ആദ്യ 16 മത്സരങ്ങളിൽ തോൽവിയറിയാതെ ബാഴ്‌സലോണ കുതിച്ചിരുന്നു. എന്നാൽ സീസണിൽ സ്‌പാനിഷ് സൂപ്പർ കപ്പ് മാത്രമേ ടീമിന് നേടാൻ സാധിച്ചുള്ളൂ. കോപ്പ ഡെൽ റെ ഫൈനലിലും, ലാ ലിഗ പോരാട്ടത്തിലും തോൽവി വഴങ്ങിയതോടെ സീസണിനൊടുവിൽ മാർട്ടിനോ ക്ലബ്ബില്‍ നിന്ന് രാജിവച്ചു.
പിന്നാലെ 2014 മുതൽ 2016 വരെ ജെറാൾഡോ മാർട്ടിനോ അർജന്‍റീനയുടെ മുഖ്യ പരിശീലകനായി. അലജാൻഡ്രോ സബെല്ലയുടെ പകരക്കാരനായായിരുന്നു മാർട്ടിനോയുടെ വരവ്. മാർട്ടിനോയുടെ കീഴിൽ അർജന്‍റീന മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും രണ്ട് വലിയ തോൽവികളും ടീമിനെ തേടിയെത്തി. 2015ലെയും 2016ലെയും കോപ്പ അമേരിക്ക ഫൈനലിൽ രണ്ട് വർഷവും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്‍റീന തോൽവി വഴങ്ങി. ഇതോടെ തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മാർട്ടിനോ സ്വയം രാജി പ്രഖ്യാപിക്കുകയായിരുന്നു.
മെസി മിയാമിയിൽ : അതേസമയം ഇന്‍റർ മിയാമിയിൽ മെസി ജൂലൈയിൽ അരങ്ങേറ്റം നടത്തുമെന്നാണ് ക്ലബ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിട്ടാണ് ലയണല്‍ മെസി ഇന്‍റര്‍ മിയാമിയിലേക്ക് എത്തുന്നത്. സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്ന് 2021-ല്‍ രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു ലയണല്‍ മെസി പിഎസ്‌ജിയില്‍ എത്തിയത്. ബാഴ്‌സലോണ സീനിയര്‍ ടീമുമായുള്ള 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചായിരുന്നു മെസിയുടെ വരവ്.
ലാ ലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ നിയമത്തെ തുടര്‍ന്നാണ് ബാഴ്‌സയ്‌ക്ക് മെസിയെ കയ്യൊഴിയേണ്ടിവന്നത്. രണ്ട് വർഷത്തെ കരാർ അവസാനിച്ചതിന് പിന്നാലെ മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ പിഎസ്‌ജി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബാഴ്‌സയിലേക്ക് തിരികെ പോകാനായിരുന്നു മെസിയുടെ ആഗ്രഹം. പക്ഷേ അപ്പോഴും ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ നിയമം സ്‌പെയിനിലേക്കുള്ള മെസിയുടെ തിരിച്ചുപോക്കിന് തടസമാവുകയായിരുന്നു.
ട്രെൻഡിങ്ങായി ഇന്‍റർ മിയാമി : ലയണല്‍ മെസി എത്തുന്നു എന്നറിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ ഇന്‍റര്‍ മിയാമിയുടെ പിന്തുണയും കുതിച്ചുയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 3.8 ദശലക്ഷം ഫോളോവേഴ്‌സാണ് ഇന്‍റര്‍ മിയാമിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ മെസി എത്തുന്നു എന്ന വാർത്തയ്‌ക്ക് പിന്നാലെ ഫോളോവേഴ്‌സിന്‍റെ എണ്ണം 8.5 മില്യണ്‍ പിന്നിട്ടിട്ടുണ്ട്.