മലാംഗ് : ഇന്തോനേഷ്യയിൽ ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തെ തുടര്‍ന്ന് 133 പേരുടെ മരണം സംഭവിച്ച സ്റ്റേഡിയം പൊളിച്ച് പുനർനിർമിക്കാനൊരുങ്ങുന്നു. പൂർണമായും ഫിഫയുടെ നിർദേശപ്രകാരവും സഹായത്തോടെയുമാകും സ്റ്റേഡിയം പുനർ നിർമിക്കുക. ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോയാണ് ഇക്കാര്യം അറിയിച്ചത്.
2023ലെ അണ്ടർ 20 ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമേകാൻ ഒരുങ്ങുകയാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യ. ഈ അവസരത്തിലാണ്, രാജ്യത്തെ ഉലച്ച വലിയ ദുരന്തത്തിന്‍റെ ഓർമയായ സ്റ്റേഡിയം പൊളിച്ചുനീക്കാൻ അധികൃതർ തീരുമാനിച്ചത്. താരങ്ങളുടേയും കാണികളുടേയും സുരക്ഷ ഉറപ്പിക്കാൻ കഴിയുന്ന സംവിധാനങ്ങളോടെയാണ് പുതിയ സ്റ്റേഡിയം ഒരുങ്ങുക.
ഒക്‌ടോബർ ഒന്നിനാണ് കിഴക്കൻ ജാവയിലെ കഞ്ജുരുഹാൻ സ്റ്റേഡിയത്തിൽ 133 പേരുടെ മരണത്തിനിടയാക്കിയ സംഭവം ഉണ്ടായത്. കാണികൾ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ 40ൽ അധികം പേർ കുട്ടികളായിരുന്നു.