ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ കടന്ന് മലയാളി താരം എച്ച്‌എസ് പ്രണോയ്. പുരുഷ സിംഗിള്‍സിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ മൂന്നാം സീഡായ ജപ്പാന്‍റെ കൊടൈ നരോക്കയെയാണ് ഏഴാം സീഡായ പ്രണോയ് തോല്‍പ്പിച്ചത്. കനത്ത പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് മലയാളി താരം മത്സരം പിടിച്ചത്.
ആദ്യ സെറ്റ് 21-18 എന്ന സ്‌കോറിന് നേടിയ പ്രണോയ് രണ്ടാം സെറ്റ് 21-16 എന്ന സ്‌കോറിന് സ്വന്തമാക്കിയാണ് മത്സരവും കൈപ്പിടിയിലാക്കിയത്. നരോക്കയ്‌ക്ക് എതിരെ പ്രണോയ് നേടുന്ന ആദ്യ വിജയമാണിത്. ഇതിന് മുന്നെ നാല് തവണ ഏറ്റുമുട്ടിയപ്പോഴും ജാപ്പനീസ് താരത്തിനെതിരെ പ്രണോയ് തോല്‍വി വഴങ്ങിയിരുന്നു.
പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഹോങ്കോങ്ങിന്‍റെ ആംഗസ് എൻഗ് കാ ലോങ്ങിനെ തോല്‍പ്പിച്ചായിരുന്നു പ്രണോയ് മുന്നേറ്റം ഉറപ്പിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് തന്നെയായിരുന്നു ഹോങ്കോങ് താരവും പ്രണോയിയോട് കീഴടങ്ങിയത്. ആംഗസ് എൻഗ് കാ ലോങ്ങിനെതിരെ ആദ്യ സെറ്റ് 21-18ന് നേടിയ പ്രണോയ് രണ്ടാം സെറ്റ് 21-16ന് പിടിച്ചാണ് മത്സരം സ്വന്തമാക്കിയത്.
സാത്വിക്-ചിരാഗ് സഖ്യത്തിനും മുന്നേറ്റം:ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡിയായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ-മുഹമ്മദ് അർഡിയാന്‍റോ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. ലോക ഒന്നാം നമ്പറായ ഇന്തോനേഷ്യന്‍ സഖ്യത്തിനെതിരെ മിന്നും പ്രകടനം നടത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് കളി പിടിച്ചത്.