ന്യൂഡൽഹി: തോമസ് കപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ബാഡ്‌മിന്‍റൻ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ടീം ചരിത്രം രചിച്ചുവെന്നും ഈ വിജയം ഭാവിയുടെ താരങ്ങൾക്ക് പ്രചോദനമാകുമെന്നും മോദി ട്വീറ്റ് ചെയ്‌തു. 14 തവണ ചാമ്പ്യൻമാരായ ഇന്തോനേഷ്യക്കെതിരായ ഫൈനലിൽ ആദ്യ മൂന്ന് റൗണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
'ഇന്ത്യൻ ബാഡ്‌മിന്‍റൺ ടീം ചരിത്രം രചിച്ചു! ഇന്ത്യ തോമസ് കപ്പ് നേടിയതിൽ രാജ്യം മുഴുവൻ ആഹ്‌ളാദിക്കുന്നു! ഞങ്ങളുടെ ടീമിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ. ഈ വിജയം വരാനിരിക്കുന്ന നിരവധി കായിക താരങ്ങൾക്ക് പ്രചോദനമാകും.' മോദി ട്വീറ്റ് ചെയ്‌തു.
ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത്, ലോക എട്ടാം നമ്പർ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി എന്നിവരാണ് ഫൈനലിൽ ഇന്ത്യയുടെ വിജയ ശിൽപ്പികൾ. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി.