കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബായ ബെംഗളൂരു എഫ്‌സി വിട്ട മലയാളി വിങ്ങർ ആഷിഖ് കുരുണിയന്‍ ഇനി എടികെ മോഹന്‍ ബഗാനൊപ്പം (ATK Mohun Bagan) പന്ത് തട്ടും. അഞ്ചു വര്‍ഷത്തെ കരാറിലാണ് 25കാരനായ ആഷിഖ് ഇന്ത്യൻ ഫുട്‌ബോളിന്‍റെ ഈറ്റില്ലമായ കൊല്‍ക്കത്തയിലെത്തിയത്. ആഷിഖിനൊപ്പം ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് ആശിഷ് റായിയെയും ടീമിലെത്തിച്ചതായി ക്ലബ് അറിയിച്ചു.
19ാം നമ്പര്‍ ജേഴ്‌സിയിലാണ് ആഷിഖ് കൊല്‍ക്കത്തക്കായി കളിക്കുക. ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയുരുന്ന ആഷിഖ് മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. കൊൽക്കത്തയിൽ കളിക്കുക എന്നത് ഏതൊരു ഫുട്‌ബോളറുടെയും സ്വപ്‌നമാണ്. കൊൽക്കത്തയിലെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണ്. യൂറോപ്യന്‍ ക്ലബ്ബായ വിയ്യാറയലിനുവേണ്ടി ജൂനിയര്‍ തലത്തില്‍ കളിച്ചിട്ടുള്ള തനിക്ക് അവിടത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് മതിപ്പു തോന്നിയിരുന്നുവെന്നും അതുപോലെയുള്ള സൗകര്യങ്ങളാണ് കൊല്‍ക്കത്തയിലും ലഭിക്കുകയെന്നും ആഷിഖ് പറഞ്ഞു.