കാലിഫോര്‍ണിയ:എടിപി മാസ്റ്റേഴ്‌സ് 1000 ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയാവുന്ന ഏറ്റവും പ്രായം കൂടിയായ താരമായി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. 43-ാം വയസിൽ ഇന്ത്യൻ വെൽസ് പുരുഷ ഡബിൾസ് കിരീടം നേടിയതോടെയാണ് രോഹൻ ബൊപ്പണ്ണ റെക്കോഡിട്ടത്. 42ാം വയസില്‍ കിരീടം നേടിയ മുൻ പങ്കാളിയായിരുന്ന കാനഡയുടെ ഡാനിയൽ നെസ്റ്ററിന്‍റെ റെക്കോഡാണ് ബൊപ്പണ്ണ പഴങ്കഥയാക്കിയത്.
എബ്‌ഡനൊപ്പം രണ്ടാം കിരീടം:ഓസ്‌ട്രേലിയയുടെ മാത്യു എബ്‌ഡനൊപ്പമാണ് രോഹന്‍ ബൊപ്പണ്ണ ഇന്ത്യൻ വെൽസ് കിരീടം ചൂടിയത്. ഒന്നാം റാങ്കുകാരായ നെതർലൻഡ്‌സിന്‍റെ വെസ്‌ലി കൂൾഹോഫ്-ബ്രിട്ടനിന്‍റെ നീൽ സ്‌കുപ്‌സ്‌കി സഖ്യത്തെയാണ് ഇരുവരും തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് വെസ്‌ലി കൂൾഹോഫും നീൽ സ്‌കുപ്‌സ്‌കിയും ഇന്തോ-ഓസീസ് സഖ്യത്തോട് കീഴടങ്ങിയത്.
ആദ്യ സെറ്റ് പിടിച്ച രോഹൻ ബൊപ്പണ്ണ-മാത്യു എബ്‌ഡന്‍ സഖ്യത്തിനെതിരെ രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ച് വരവാണ് വെസ്‌ലി കൂൾഹോഫും നീൽ സ്‌കുപ്‌സ്‌കിയും നടത്തിയത്. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്തോ-ഓസീസ് സഖ്യം ജയിച്ച് കയറിയത്. സ്‌കോര്‍: 6-3, 2-6, 10-8.
ബൊപ്പണ്ണയും മാത്യു എബ്‌ഡനും ഒന്നിച്ച് നേടുന്ന രണ്ടാം കിരീടമാണിത്. നേരത്തെ കഴിഞ്ഞ ഫെബ്രുവരി അവസാന വാരത്തില്‍ ഖത്തര്‍ ഓപ്പണ്‍ ടെന്നീസിലാണ് ഇരുവരും തങ്ങളുടെ കന്നി കിരീടം ചൂടിയത്. ഫ്രാന്‍സിന്‍റെ കോൺസ്റ്റന്‍റ് ലെസ്റ്റിയെൻ-നെതര്‍ലന്‍ഡ്‌സിന്‍റെ ബോട്ടിക് വാന്‍ ഡെന്‍ സാന്‍ഡ്ഷല്‍പ് സഖ്യത്തെയായിരുന്നു അന്ന് ബൊപ്പണ്ണയും മാത്യു എബ്‌ഡനും കീഴടക്കിയത്.
99 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ബൊപ്പണ്ണയും മാത്യു എബ്‌ഡനും കളി പിടിച്ചത്. ഇതിന്‍റെ മുന്നത്തെ ആഴ്‌ച നടന്ന റോട്ടർഡാം ഓപ്പണ്‍ ടെന്നീസിന്‍റെ ഫൈനലിലെത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നുവെങ്കിലും തോല്‍വി വഴങ്ങി.