ടോക്കിയോ:ഒളിമ്പിക്സിലെടേബിള്‍ ടെന്നീസ് മത്സരങ്ങളുടെ സമയക്രമം പ്രഖ്യപിച്ചു. മിക്സിഡ് ഡബിള്‍സ് മത്സരങ്ങളോടെയാണ് ടോക്കിയോയില്‍ ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ ആരംഭിക്കുക. ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ജോഡികളായ മണിക ബത്ര- ശരത് കമല്‍ സഖ്യം ജൂലൈ 24ന് കളത്തിലിറങ്ങും. മൂന്നാം സീഡായ ചൈനീസ് തായ്‌പേയുടെ ലിൻ യുൻ-ജു, ചെങ് ഐ-ചെങ് സഖ്യത്തെയാണ് 12ാം സീഡായ ഇന്ത്യന്‍ ജോഡി നേരിടുക.
സിംഗിള്‍സില്‍ മണിക
ഒളിമ്പിക്സിലെ 34ാം സീഡായ മണിക 24ാം തിയതി തന്നെ വനിതകളുടെ സിംഗിള്‍സ് വിഭാഗത്തിലും കളിക്കാനിറങ്ങും. ലോക റാങ്കിങ്ങില്‍ 94ാം സ്ഥാനക്കാരിയായ ബ്രിട്ടന്‍റെ ടിന്‍ ടിന്‍ ഹോയെയാണ് മണിക നേരിടുക. രണ്ടാം റൗണ്ടിൽ ഉക്രെയ്നിന്‍റെ മാർഗരിറ്റ പെസോട്‌സ്കയും മൂന്നാം റൗണ്ടിൽ ഓസ്ട്രിയയുടെ സോഫിയ പോൾകനോവയുമാണ് താരത്തിന്‍റെ എതിരാളികള്‍.
സിംഗിള്‍സില്‍ സുതിര
സുതിര മൂഖര്‍ജിക്ക് ലോക 78-ാം നമ്പർ താരം ലിൻഡ ബെർഗ്സ്ട്രോമാണ് ആദ്യ റൗണ്ടില്‍ എതിരാളി. ഒളിമ്പിക്സില്‍ 52ാം സീഡായ താരം രണ്ടാം റൗണ്ടില്‍ പോര്‍ച്ച്ഗലിന്‍റെ യു ഫു ഇനിനേയും മൂന്നാം റൗണ്ടില്‍ ജപ്പാന്‍റെ മിമ ഇറ്റോയേയും നേരിടും. 20 കാരിയായ ഇറ്റോ ലോക രണ്ടാം നമ്പര്‍ താരം കൂടിയാണ്.
പുരുഷ സിംഗിൾസ്
ഇന്ത്യയുടെ മുൻനിര പുരുഷ താരങ്ങളായ ശരത് കമൽ (20ാം സീഡ്), ജി സത്യൻ (26-ാം സീഡ്) എന്നിവർക്ക് നറുക്കെടുപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ബൈ ലഭിച്ചിട്ടുണ്ട്. രണ്ടാം റൗണ്ടില്‍ പ്യൂർട്ടോ റിക്കോയുടെ ബ്രയാൻ അഫനാഡോറോ, ഹോങ്കോങ്ങിന്‍റെ ലാം സിയു ഹാങ്ങോ ആവും സത്യന്‍റെ എതിരാളി. മൂന്നാം റൗണ്ടില്‍ ജപ്പാന്‍റെ ടീനേജ് സെന്‍സേഷന്‍ ഹരിമോട്ടോയാണ് സത്യനെ കാത്തിരിക്കുന്നത്. നേരത്തെ നാല് തവണ ഇരുവരും ഏറ്റ് മുട്ടിയപ്പോള്‍ മൂന്ന തവണ ഹരിമോട്ടോ വിജയിച്ചു.
also read: ടോക്കിയോ ഒളിമ്പിക്‌സ്; വനിത ഫുട്‌ബോളിൽ ബ്രസീലിന് ജയം, അമേരിക്കയെ തകർത്ത് സ്വീഡൻ
രണ്ടാം റൗണ്ടിൽ പോർച്ചുഗലിന്റെ ടിയാഗോ അപ്പോളാനിയയോ നൈജീരിയയുടെ ഒലജൈഡ് ഒമോട്ടായോ ആവും ശരത്തിന്‍റെ എതിരാളി. ചൈനയുടെ മാ ലോങ്ങാണ് ശരത്തിന്‍റെ മൂന്നാം റൗണ്ടിലെ എതിരാളി. ടോക്കിയോ ഒളിമ്പിക്സിലെ ജേതാവ് കൂടിയായ ചൈനീസ് താരം ഒളിമ്പിക്സിലെ രണ്ടാ സീഡാണ്. ഇതേവരെ അഞ്ച് തവണ ഇരുവരും മത്സരിച്ചപ്പോള്‍ മാ ലോങ്ങിനെ മറി കടക്കാന്‍ ശരത്തിനായിട്ടില്ല.