റെയ്‌ജാവിക് (ഐസ്‌ലാന്‍റ്) : റെയ്‌ജാവിക് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദയ്‌ക്ക് കിരീടം. ഒമ്പത് റൗണ്ടുകളിൽ നിന്ന് 7.5 പോയിന്‍റുമായാണ് പ്രജ്ഞാനന്ദയുടെ ജയം. ഫൈനല്‍ റൗണ്ട് പോരാട്ടത്തില്‍ നാട്ടുകാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷിനെയാണ് താരം പരാജയപ്പെടുത്തിയത്.
ഉയർന്ന റേറ്റിങ്ങുള്ള ഇന്ത്യൻ താരം ഒമ്പത് റൗണ്ടുകളിലും തോൽവിയറിയാതെയാണ് മുന്നേറിയത്. അവസാന രണ്ട് റൗണ്ടുകളിലെ (മാത്യു കോർനെറ്റ് (ഫ്രാൻസ്), ഗുകേഷ്) വിജയങ്ങളുള്‍പ്പടെ ആകെ നാല് വിജയങ്ങളാണ് താരം പിടിച്ചത്. ഇതില്‍ കഴിഞ്ഞ വർഷം 12 വയസും നാല് മാസവും പ്രായമുള്ളപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററായി മാറിയ അമേരിക്കയുടെ അഭിമന്യു മിശ്രയ്‌ക്കെതിരെ നേടിയ വിജയവും ഉള്‍പ്പെടുന്നു.