സിഡ്‌നി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകിയായ ദേവെനിഷ് സിങ്ങിനെയാണ് ഗുര്‍പ്രീത് വിവാഹം കഴിച്ചത്. ഓസ്‌ട്രേലിയന്‍ സ്വദേശിനിയാണ് ദേവെനിഷ്.
സിഡ്‌നിയില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രം ഗുര്‍പ്രീത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
'ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കരാറില്‍ ഒപ്പുവച്ചു' എന്ന തലവാചകത്തോടെയാണ് ഗുര്‍പ്രീത് ചിത്രം പുറത്തുവിട്ടത്. തങ്ങള്‍ സ്വപ്‌നം കണ്ട ജീവിതമാണ് ഇതെന്നും കുറിപ്പില്‍ സന്ധു വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയ്‌ക്കായി 54 മത്സരങ്ങളില്‍ വല കാത്ത സന്ധു മൂന്ന് സാഫ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. 2023ലെ ഏഷ്യ കപ്പിന് ഇന്ത്യ യോഗ്യത നേടിയതില്‍ നിര്‍ണായക പങ്കാണ് സന്ധുവിനുള്ളത്. ഐഎസ്‌എല്ലില്‍ ബെംഗളൂരു എഫ്‌സിയുടെ താരമാണ്.
2018ല്‍ ക്ലബിനെ ഐഎസ്‌എല്‍ കിരീടത്തിലേക്ക് നയിക്കുന്നതിലും സന്ധു നിര്‍ണായകമായി. യുവേഫ യൂറോപ്പ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സന്ധു.