ചെന്നൈ: ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെതിരെ വിജയം സ്വന്തമാക്കി ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റർ വിദിത് ഗുജറാത്തി. ലോകമെമ്പാടുമുള്ള ടീമുകൾക്കായുള്ള ഓൺലൈൻ ടൂർണമെന്‍റായ പ്രോ ചെസ് ലീഗിലായിരുന്നു വിദിതിന്‍റെ അട്ടിമറി ജയം. ചൊവ്വാഴ്‌ച നടന്ന മത്സരത്തിനിടെ കാൾസന് സംഭവിച്ചൊരു പിഴവ് മുതലെടുത്താണ് വിദിത് വിജയം നേടിയത്.
ചെസ് മാന്ത്രികൻ മാഗ്നസ് കാൾസനെ കീഴടക്കി ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റർ വിദിത് ഗുജറാത്തി
ഓൺലൈൻ ടൂർണമെന്‍റായ പ്രോ ചെസ് ലീഗിലായിരുന്നു കാൾസനെ വിദിത് തോൽപ്പിച്ചത്
താരം തന്നെയാണ് തന്‍റെ വിജയ വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'ലോകചാമ്പ്യൻ, ഗോട്ട് മാഗ്‌നസ് കാൾസണെ പരാജയപ്പെടുത്തി' വിദിത് ഗുജറാത്തി ട്വീറ്റ് ചെയ്‌തു. പ്രോ ചെസ് ലീഗ് ടൂർണമെന്‍റിൽ വിദിത് ഗുജറാത്തി ഇന്ത്യൻ യോഗി എന്ന ടീമിനായും കാൾസണ്‍ കാനഡ ചെസ് ബ്രാഹ്‌സിനുമായാണ് കളിച്ചത്.
ടൂർണമെന്‍റിൽ 16 ടീമുകളായിരുന്നു റാപ്പിഡ് ഗെയിമുകൾ കളിച്ചത്. 150,000 ഡോളറാണ് ടൂർണമെന്‍റിന്‍റെ സമ്മാനത്തുക. വിജയം നേടിയതോടെ ആർ പ്രഗ്നാനന്ദ, ഡി ഗുകേഷ്, അർജുൻ എറിഗൈസി എന്നിവർക്കൊപ്പം കാൾസണെ തോൽപിച്ച ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ 28 കാരനായ വിദിത് ഗുജറാത്തിയും സ്ഥാനം പിടിച്ചു.