ഭുവനേശ്വർ : ലെബനനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഇന്‍റർ കോണ്ടിനെന്‍റൽ കപ്പിൽ മുത്തമിട്ട് ഇന്ത്യ. നായകൻ സുനിൽ ഛേത്രി, ലാല്യൻസ്വാല ചാങ്‌തെ എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ 46, 66 മിനിട്ടുകളിലാണ് ഇന്ത്യയുടെ ഗോൾ നേട്ടം. ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ് കളിച്ച ലാല്യൻസ്വാല ചാങ്‌തെയാണ് മത്സരത്തിലെ ഹീറോ.
കരുത്തുറ്റ ടീമുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങിയത്. നിഖില്‍ പൂജാരി, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ്പ, ജീക്‌സണ്‍ സിങ്, സഹല്‍ അബ്‌ദുൾ സമദ്, ലാലിയന്‍സ്വാല ചാങ്തെ, സുനില്‍ ഛേത്രി, ആഷിഖ് കുരുണിയന്‍ എന്നിവരെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ അണിനിരത്തിയാണ് കോച്ച് ഇഗോര്‍ സ്റ്റിമാക് ഇന്ത്യൻ ടീമിനെ മൈതനത്തിറക്കിയത്. അമരീന്ദര്‍ സിങിന് പകരം ഗോൾ കീപ്പറായി ഗുര്‍പ്രീത് സിങ് സന്ധുവും ടീമിൽ ഇടം നേടി.
മത്സരത്തിന്‍റെ തുടക്കത്തിൽ പതിഞ്ഞ താളത്തിലാണ് ഇന്ത്യ പന്ത് തട്ടിയത്. മത്സരത്തിന് കിക്കോഫായി ആറാം മിനിട്ടിൽ തന്നെ മലയാളി താരം ആഷിഖ് കുരുണിയനെ ലെബനൻ താരം ബോക്‌സിനുള്ളിൽ വീഴ്‌ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. തുടർന്ന് ഇടക്കിടെ ചില മിന്നലാക്രമണങ്ങൾ ഇന്ത്യ നടത്തിയെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാനായില്ല. പ്രത്യാക്രമണങ്ങളുമായി ലെബനനും കളം നിറഞ്ഞു. ഇതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ രണ്ട് ഗോൾ : രണ്ടാം പകുതിയിൽ ആക്രമിച്ചായിരുന്നു ഇന്ത്യ കളിച്ചത്. ഇതിന്‍റെ ഫലമായി 46-ാം മിനിട്ടിൽ തന്നെ ലെബനൻ വല കുലുക്കാനും നീലപ്പടയ്‌ക്കായി. വലത് വിങ്ങില്‍ നിഖില്‍ പൂജാരിയുടെ ബാക്ക്‌ഹീല്‍ നട്‌മെഗില്‍ നിന്ന് സ്വീകരിച്ച് ചാങ്തെ നൽകിയ അസിസ്റ്റ് സുനില്‍ ഛേത്രി മനോഹര ഗോളാക്കി മാറ്റുകയായിരുന്നു.
തൊട്ടു പിന്നാലെ 66-ാം മിനിട്ടിൽ ചാങ്തെ രണ്ടാം വെടി പൊട്ടിച്ചു. ഇടം കാൽ കൊണ്ട് തൊടുത്തുവിട്ട ഷോട്ട് ലെബനൻ ഗോളിയെ കാഴ്‌ചക്കാരനാക്കി വലയ്‌ക്കുള്ളിലെത്തുകയായിരുന്നു. തുടർന്ന് മടക്ക ഗോൾ നേടാൻ ലെബനൻ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ജിംഗനേയും ഗോളി ഗുർപ്രീതിനെയും മറികടക്കാൻ അവർക്കായില്ല. അതേസമയം രാജ്യാന്തര കരിയറിൽ തന്‍റെ 87-ാം ഗോളാണ് സുനിൽ ഛേത്രി ഇന്ന് സ്വന്തമാക്കിയത്.
ഇന്ത്യ, ലെബനൻ, മംഗോളിയ, വനൗതു എന്നീ രാജ്യങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ പ്രാഥമിക റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനക്കാരായാണ് ഇന്ത്യയും ലെബനനും ഫൈനലിലെത്തിയത്. 2 ജയം, ഒരു സമനില എന്നിവയുമായി 7 പോയിന്റോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 5 പോയിന്‍റായിരുന്നു രണ്ടാം സ്ഥാനക്കാരായ ലെബനൻ നേടിയത്.
ചാമ്പ്യൻഷിപ്പ് എത്തുന്നത് നാല് വർഷത്തിന് ശേഷം : ഇതിന് മുൻപ് 2018ൽ മുംബൈയിൽ നടന്ന ആദ്യ ഇന്‍റർ കോണ്ടിനന്‍റൽ കപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2019 ൽ ഉത്തര കൊറിയയായിരുന്നു ചാമ്പ്യൻമാർ. പിന്നീട് കൊവിഡ് പിടിമുറുക്കിയത് കാരണം നാല് വർഷത്തിന് ശേഷമാണ് ഇത്തവണ ചാമ്പ്യൻഷിപ്പ് നടത്തിയത്.