ബിര്‍മിങ്‌ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്നോടിയായി ബർമിങ്ഹാമിലെ അത്‌ലറ്റ്‌സ് വില്ലേജിൽ ഇന്ത്യൻ പതാക ഉയർത്തി. പുരുഷ-വനിത ഹോക്കി ടീമുകൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ അത്‌ലറ്റുകളും ചടങ്ങില്‍ പങ്കെടുത്തു. നൃത്തവും സംഗീതവും നിറഞ്ഞ ചടങ്ങില്‍ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) ആക്‌ടിംഗ് പ്രസിഡന്‍റ് അനിൽ ഖന്ന, ഐ.ഒ.എ ട്രഷറർ ആനന്ദേശ്വര് പാണ്ഡെ തുടങ്ങിയവരും ഗെയിംസ് വില്ലേജിലെ പതാക ഉയര്‍ത്തല്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
Commonwealth Games 2022: ഗെയിംസ് വില്ലേജില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു, കോമണ്‍വെല്‍ത്ത് ആവേശം ഇന്ന് മുതല്‍ - കോമണ്‍വെല്‍ത്ത് ഗെയിംസ്
പുരുഷ-വനിത ഹോക്കി ടീമുകൾ ഉൾപ്പെടെയുള്ള താരങ്ങളുടെ സാന്നിധ്യത്തിലാണ് ഗെയിംസ് വില്ലേജില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്.
ഇന്ന് (28-07-2022) നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധു, ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിങ് എന്നിവരാണ് ഇന്ത്യന്‍ പതാക വഹിക്കുന്നത്. ഒളിമ്പ്യൻ നീരജ് ചോപ്ര പരിക്കേറ്റ് മത്സരത്തിൽ നിന്ന് പിൻമാറിയതോടെയാണ് സിന്ധുവിന് അവസരം ലഭിച്ചത്. ഇത് രണ്ടാം തവണയാണ് സിന്ധു കോമണ്‍വെൽത്തിൽ ഇന്ത്യൻ പതാകയേന്തുന്നത്.
അതേസമയം ഉദ്ഘാടന ചടങ്ങിലെ പരേഡ് ഓഫ് നേഷൻസിൽ ഇന്ത്യൻ സംഘത്തിൽ നിന്ന് പരമാവധി 164 പേർക്ക് പങ്കെടുക്കാമെന്ന് രാജേഷ് ഭണ്ഡാരി അറിയിച്ചു. ഓഗസ്റ്റ് എട്ടുവരെ ബര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. 214 അത്‌ലറ്റുകളും 107 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 321 പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.