ന്യൂഡൽഹി : വിന്‍റർ ഒളിമ്പിക്‌സിന്‍റെ ദീപശിഖ വഹിക്കാൻ ഗൽവാൻ ഏറ്റുമുട്ടലിന് നേതൃത്വം നൽകിയ പിഎൽഎ റെജിമെന്‍റ് കമാന്‍ഡറിന് അവസരം നൽകിയ ചൈനയുടെ നടപടിയിൽ പ്രതിഷേധവുമായി ഇന്ത്യ. ബീജിങ്ങിലെ വിന്‍റർ ഒളിമ്പിക്‌സിൽ ഇന്ത്യൻ എംബസിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പങ്കെടുക്കില്ല.
ഒളിമ്പിക്‌സ് പോലൊരു കായിക വേദിയെ രാഷ്ട്രീയവത്കരിക്കാൻ ചൈനീസ് പക്ഷം തീരുമാനിച്ചതിൽ ഖേദമുണ്ട്. ബീജിങ്ങിലെ ഇന്ത്യൻ എംബസിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടനത്തിനോ സമാപന ചടങ്ങിലോ പങ്കെടുക്കില്ല - വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ചൈനയിലെ വിന്‍റർ ഒളിമ്പിക്‌സ് പാർക്കിൽവച്ച് നടന്ന ചടങ്ങിൽ പിഎൽഎ റെജിമെന്‍റ് കമാന്‍ഡര്‍ ക്വി ഫാബോയെ ചൈന ആദരിച്ചത്. ഫാബാവോയാണ് 1200 ഓളം പേർ പങ്കെടുത്ത റാലിയിൽ ഒളിമ്പിക്‌സിന്‍റെ ദീപശിഖയേന്തിയത്. ചൈനയുടെ ഈ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
ALSO READ:ബീജിംഗ് വിന്‍റർ ഒളിംപിക്‌സിന് യോഗ്യത നേടിയ 50 ലേറെ അത്‌ലറ്റുകൾക്ക് കൊവിഡ്
ഷിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ വിന്‍റര്‍ ഒളിമ്പിക്‌സിന് നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. അതേസമയം വിന്‍റർ ഒളിംപിക്‌സിന് യോഗ്യത നേടിയ 50 ലേറെ വിദേശ അത്‌ലറ്റുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.