ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസ് (Asian Games 2023)പതിനാലാം ദിനം, ഒക്‌ടോബര്‍ 7... ഇന്ത്യയിലെ ഒരു കായിക പ്രേമിയും ഇനി ഈ ദിനം മറക്കില്ല, കാരണം ഏഷ്യന്‍ ഗെയിംസിന്‍റെ ചരിത്രത്തിലാദ്യമായി ഇന്ത്യ 100 മെഡലുകള്‍ എന്ന നേട്ടത്തിലേക്ക് എത്തിയ ദിവസമാണിത്. ഹാങ്‌ചോയില്‍ ഏഷ്യന്‍ ഗെയിംസിന്‍റെ 13-ാം ദിനം അവസാനിച്ചപ്പോള്‍ തന്നെ ഇന്ത്യ മെഡല്‍ വേട്ടയില്‍ സെഞ്ച്വറി തികയ്‌ക്കുമെന്ന് ഉറപ്പായിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ തന്നെയായിരുന്നു രാജ്യത്തെ കായിക പ്രേമികളും.
കോമ്പൗണ്ട് അമ്പെയ്‌ത്തിലൂടെയാണ് ഇന്ത്യ ഇന്ന് (ഒക്‌ടോബര്‍ 7) മെഡല്‍ വേട്ട തുടങ്ങിയത്. വനിതകളുടെ വ്യക്തിഗത പോരാട്ടത്തില്‍ ജ്യോതി സുരേഖ വെന്നം (Jyoti Surekha Vennam), അദിതി ഗോപിചന്ദ് സ്വാമി (Aditi Gopichand Swami) എന്നിവരായിരുന്നു ഗെയിംസിന്‍റെ പതിനാലാം ദിനത്തില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. ദക്ഷിണ കൊറിയയുടെ സോ ചിവോണിനെ മറികടന്ന് ജ്യോതി സ്വര്‍ണം നേടിയപ്പോള്‍ അദിതി ഈ വിഭാഗത്തില്‍ വെങ്കല മെഡലാണ് നേടിയെടുത്തത്.
പിന്നാലെ, കോമ്പൗണ്ട് അമ്പെയ്‌ത്തിലും ഇന്ത്യയുടെ പുരുഷ താരങ്ങള്‍ ഇരട്ട മെഡല്‍ സ്വന്തമാക്കി. ഓജസ് പ്രവീണ്‍ (Ojas Pravin) ആണ് ഈ ഇനത്തില്‍ ഇന്ത്യയ്‌ക്കായി സ്വര്‍ണം എയ്‌തു വീഴ്‌ത്തിയത്. ഓജസിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത അഭിഷേക് വര്‍മ (Abhishek Verma) വെള്ളി മെഡലും നേടിയതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 99ലേക്ക് എത്തി.