ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത ഹോക്കി ടീം പുതിയ ചരിത്രമാണ് എഴുതിയത്. വനിത ഹോക്കിയില്‍ മെഡലിനായുള്ള 16 വര്‍ഷത്തെ രാജ്യത്തിന്‍റെ കാത്തിരിപ്പാണ് സവിത പുനിയയുടെ സംഘം ഇന്നലെ അവസാനിപ്പിച്ചത്.
പെനാല്‍റ്റിയിലേക്ക് നീണ്ട വെങ്കലപ്പോരില്‍ ന്യൂസിലന്‍ഡിനെ 2-1നാണ് ഇന്ത്യ കീഴടക്കിയത്. കിവീസ് താരങ്ങളുടെ മൂന്ന് സ്‌ട്രോക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ സവിത പുനിയയാണ് ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്.
ചരിത്രപരമായ ഈ നേട്ടത്തിന് പിന്നാലെയുള്ള താരങ്ങളുടെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഡ്രസ്സിംഗ് റൂമിൽ 'സുനോ ഗൗർ സേ ദുനിയ വാലോ' എന്ന ഗാനത്തിന് ഊർജ്ജസ്വലതയോടെ ചുവടുവയ്‌ക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ വീഡിയോയാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.