ക്വാലലംപൂർ: 2023ൽ ചൈനയിൽ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനു യോഗ്യത റൗണ്ടിന്‍റെ അവസാന മത്സരങ്ങൾക്ക് സംയുക്തമായി ആതിഥേയത്വം വഹിക്കാൻ ഇന്ത്യയും. ഉസ്‌ബെക്കിസ്ഥാൻ, മലേഷ്യ, കുവൈറ്റ്, കിർഗിസ് റിപ്പബ്ലിക്ക്, മംഗോളിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയും യോഗ്യത മത്സരങ്ങൾക്കുള്ള ആതിഥേയ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
ജൂൺ 8, 11, 14 തീയ്യതികളിലാണ് എഎഫ്‌സി ഏഷ്യൻ കപ്പിന്‍റെ അവസാന റൗണ്ട് യോഗ്യത മത്സരങ്ങൾ നടക്കുക. 2023 ജൂൺ 16 ചൈനയിൽ വെച്ചാണ് ടൂർണമെന്‍റിന്‍റെ കിക്കോഫ്.
24 രാജ്യങ്ങൾ പങ്കെടുക്കുന്ന, 2023ൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിന് ആതിഥേയരാജ്യമായ ചൈന ഉൾപ്പെടെ 13 ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്. ബാക്കിയുള്ള 11 സ്ഥാനങ്ങൾക്കു വേണ്ടി 24 രാജ്യങ്ങളാണ് യോഗ്യത റൗണ്ടിൽ മത്സരിക്കുന്നത്. ചൈനക്കു പുറമെ ജപ്പാൻ, സിറിയ, ഖത്തർ, സൗത്ത് കൊറിയ, ഓസ്ട്രേലിയ, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഇറാഖ്, വിയറ്റ്‌നാം, ഒമാൻ, ലെബനൻ എന്നിവരാണ് യോഗ്യത നേടിയ രാജ്യങ്ങൾ.
ഫെബ്രുവരി 10 നു പുറത്തു വന്ന പുതിയ ഫിഫ റാങ്കിങ് പ്രകാരം 24 ടീമുകളെ അഞ്ചു സീഡിംഗ് പോട്ടുകളിൽ ഉൾപ്പെടുത്തും. ഫൈനൽ നറുക്കെടുപ്പിനു ശേഷമാണ് ഗ്രൂപ്പുകളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കൂ. യോഗ്യത റൗണ്ടിലുള്ള മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടില്ല.
ALSO READ:യൂറോപ്പ ലീഗ്: ഡോർട്ട്മുണ്ടിനെ തകർത്ത് റേഞ്ചേഴ്‌സ്, നാപോളിക്കെതിരെ സമനില വഴങ്ങി ബാഴ്‌സലോണ