ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ സൂപ്പർതാരം പിവി സിന്ധു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ തന്നെ ഇറ ശർമ്മയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ 21-10, 21-10.
ഒരു ഘട്ടത്തിൽ പോലും ഇറ ശർമ്മയ്‌ക്ക് മുന്നേറാൻ അവസരം നൽകാതെയാണ് സിന്ധു മത്സരത്തിലുടനീളം പോരാടിയത്. ക്വാർട്ടറിൽ ഇന്ത്യയുടെ തന്നെ അഷ്‌മിത ചാലിഹയാണ് സിന്ധുവിന്‍റെ എതിരാളി.
അതേ സമയം മറ്റൊരു മത്സരത്തിൽ ഇന്ത്യൻ മുൻനിര താരം സൈന നെഹ്‌വാളിന് അപ്രതീക്ഷിത തോൽവി. ഇന്ത്യയുടെ യുവതാരം മാളവിക ബൻസൂദാണ് സിന്ധുവിനെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മാളവികയുടെ വിജയം. സ്കോർ 21-17, 21-9.
ALSO READ:ഇന്ത്യന്‍ ഓപ്പണ്‍ : കിഡംബി ശ്രീകാന്ത് ഉള്‍പ്പടെ ഏഴ് ഇന്ത്യന്‍ കളിക്കാര്‍ക്ക് കൊവിഡ്
അതേസമയം ഇന്ത്യ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ടോപ് സീഡുമായ കിഡംബി ശ്രീകാന്ത് ഉള്‍പ്പടെ ഏഴ് ഇന്ത്യന്‍ കളിക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിർബന്ധിത ആർടി-പിസിആർ ടെസ്റ്റിലാണ് കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.