ദോഹ: എ.എഫ്.സി യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി ജോർദാനെതിരായ അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ നേടിയ രണ്ടുഗോളുകൾക്കാണ് ജോർദാന്‍റെ വിജയം. ജോർദാന് വേണ്ടി അബൂ അമാറയും അബു സാറിഖുമാണ് ഗോളുകൾ നേടിയത്.
ക്യാപ്‌റ്റൻ സുനിൽ ഛേത്രിയും മലയാളി താരം സഹലും ഇന്ത്യക്കായി ആദ്യ ഇലവനിൽ ഇറങ്ങിയിരന്നു. മുന്നേറ്റനിരയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് പിന്തുണ നല്‍കാന്‍ ആരുമില്ലാതിരുന്നതോടെ ഇന്ത്യന്‍ ആക്രമണങ്ങൾക്ക് മൂര്‍ച്ച കുറവായിരുന്നു. എങ്കിലും മികച്ച പ്രതിരോധം പുറത്തെടുത്ത ഇന്ത്യ ആദ്യപകുതിയിൽ ഗോൾവഴങ്ങിയില്ല.
രണ്ടാം പകുതിയിലാണ് ഇന്ത്യക്ക് ആദ്യ ഗോളവസരം ലഭിച്ചത്. 52-ാം മിനിറ്റില്‍ മുഹമ്മദ് യാസിര്‍ എടുത്ത ഫ്രീ കിക്ക് ജോര്‍ദ്ദാന്‍ പ്രതിരോധത്തെയും ഗോള്‍ കീപ്പറെയും മറികടന്നെങ്കിലും ക്രോസ് ബാറില്‍ തട്ടി മടങ്ങി. 74-ാം മിനിറ്റിൽ ഛേത്രിയെ പിൻവലിച്ച് ബ്രണ്ടൻ ഫെർണാണ്ടസിനെ കൊണ്ടുവന്നു. തൊട്ടുപിന്നാലെ അബൂ അമാറയിലൂടെ ജോർദാൻ മുന്നിലെത്തി. സൂപ്പര്‍ സബ്ബായ ഇഷാന്‍ പണ്ഡിതയെ കളത്തിലിറക്കിയെങ്കിലും ഇന്ത്യക്ക് ഗോൾ കണ്ടെത്താനായില്ല. ഇഞ്ചുറി ടൈമില്‍ അബു സാറിഖിലൂടെ ഒരു ഗോള്‍ കൂടി അടിച്ച് ജോര്‍ദ്ദാന്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ത്തു.
ജൂണ്‍ എട്ടു മുതല്‍ കൊല്‍ക്കത്തയിലാണ് ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരം നടക്കുന്നത്. മാര്‍ച്ചിൽ ബെലാറൂസിനും ബഹ്റൈനും എതിരായ സൗഹൃദ മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. ലോക റാങ്കിംഗില്‍ ജോര്‍ദാന്‍ 91ആമതും, ഇന്ത്യ 106ആം സ്ഥാനത്തുമാണ്.