മനാമ :ബഹ്‌റൈനില്‍ നടന്ന രണ്ടാമത്തെ അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലും ഇന്ത്യയ്‌ക്ക് തോല്‍വി. രണ്ടാം മത്സരത്തില്‍ ബെലാറുസാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫിഫ റാങ്കിങ്ങില്‍ 94-ാം സ്ഥാനക്കാരായ ബെലാറുസ് പത്ത് സ്ഥാനങ്ങള്‍ താഴെയുള്ള ഇന്ത്യയെ തോല്‍പ്പിച്ചത്.
ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ബോകോവ് ആർട്യോം, ആന്ദ്രേ സലാവ്, ഗ്രൊമികോ വരേലി എന്നിവരാണ് ബെലാറുസിനായി ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ബെലാറുസിന്‍റെ പട്ടികയിലെ മൂന്ന് ഗോളുകളും പിറന്നത്.
മത്സരത്തില്‍ തുടക്കം തൊട്ട് ആക്രമിച്ച് കളിച്ച ബെലാറുസിനെ ആദ്യ പകുതിയില്‍ ഗോളടിക്കാതെ തടയാന്‍ ഇന്ത്യയ്‌ക്കായിരുന്നു. എന്നാല്‍ 48ാം മിനിട്ടില്‍ ബോകോവ് ആർട്യോം ബെലാറുസിനെ മുന്നിലെത്തിച്ചു. തുടര്‍ന്ന് 68ാം മിനിട്ടില്‍ ആന്ദ്രേ സലാവ് ലീഡുയര്‍ത്തി. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിലാണ് ഗ്രൊമികോ വരേലിയുടെ ഗോള്‍ നേട്ടം.
2012ൽ അസർബൈജാനെതിരെ കളിച്ചതിന് ശേഷം, ഒരു യുവേഫ ടീമിനെതിരായ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇത്. ആദ്യമത്സരത്തില്‍ 2-1ന് ബഹ്‌റൈനോടായിരുന്നു ഇന്ത്യ തോറ്റത്. ഈ മത്സരത്തിലെ ടീമില്‍ നിന്നും ഏഴ് മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് ഇഗോർ സ്റ്റിമാക് ടീമിനെ കളത്തിലിറക്കിയത്.