ജക്കാര്‍ത്ത: ഏഷ്യ കപ്പ് ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. സൂപ്പര്‍ ഫോറിലെ അവസാനത്തേയും നിര്‍ണായകവുമായ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് സമനില വഴങ്ങിയതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. നാല് ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്.
സഞ്‌ജീത്, രാജ് കുമാര്‍ പാല്‍, ശേഷ ഗൗഡ, മാരീശ്വരൻ ശക്തിവേൽ എന്നിവരാണ് ഇന്ത്യയ്‌ക്കായി ലക്ഷ്യം കണ്ടത്. ഇന്ത്യയേയും കൊറിയയേയും കൂടാതെ ജപ്പാന്‍, മലേഷ്യ എന്നീ ടീമുകളാണ് സൂപ്പര്‍ ഫോറില്‍ മത്സരിച്ചിരുന്നത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നടന്ന മത്സരങ്ങള്‍ക്ക് ശേഷം പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിന് യോഗ്യത നേടുക.