ന്യൂഡല്‍ഹി:കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡം വിലങ്ങുതടി ആയതോടെ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന് തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് (Asian Games ) പങ്കാളിത്തം നഷ്‌ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ടീമുകളില്‍ ഒന്നാണെങ്കില്‍ മാത്രം ഗെയിംസില്‍ പങ്കെടുപ്പിച്ചാല്‍ മതിയെന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ തീരുമാനമാണ് ടീമിന് തിരിച്ചടിയായത്. ഫിഫ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ടീമുകളെ ഉള്‍പ്പെടെ തോല്‍പ്പിച്ച് ഇന്‍ര്‍ കോണ്ടിനെന്‍റര്‍ കപ്പും സാഫ് കപ്പും വിജയിച്ച ഇന്ത്യ നിലവില്‍ മികച്ച കുതിപ്പാണ് നടത്തുന്നത്.
പക്ഷെ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ കീഴിലുള്ള രാജ്യങ്ങളിൽ 18-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇതോടെയാണ് തുടര്‍ച്ചയായ രണ്ടാം തവണയും ടീമിന് ഏഷ്യന്‍ ഗെയിംസില്‍ കളിക്കാനാവാത്ത സാഹചര്യം ഉടലെടുത്തത്. ഇതിന് പിന്നാലെ ടീമിനെ ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും (Narendra modi ) കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും കത്തെഴുതിയിരിക്കുകയാണ് ഇന്ത്യന്‍ ടീം പരിശീലകന്‍ ഇഗോർ സ്റ്റിമാക് (Igor Stimac).
വളര്‍ച്ചയുടെ പാതയിലുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് പങ്കാളിത്തം മുതല്‍ക്കൂട്ടാവുമെന്നാണ് ഏറെ വൈകാരികമായി എഴുതിയ കത്തിലൂടെ യുക്രൈന്‍ കാരനായ ഇഗോർ സ്റ്റിമാക് പറയുന്നത്. "2017-ൽ അണ്ടർ 17 ഫിഫ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയും പുതിയ തലമുറയിലെ മികച്ച കളിക്കാരെ വാര്‍ത്തെടുക്കുന്നതില്‍ വലിയ നിക്ഷേപം നടത്തുകയും ചെയ്‌തു.
ഫിഫ ലോകകപ്പ് കളിക്കുക എന്ന ഇന്ത്യയുടെ സ്വപ്നത്തെ നിങ്ങൾ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച രീതിയിൽ നിങ്ങളുടെ തുടർച്ചയായ പിന്തുണ ഉണ്ടെങ്കിൽ, നമ്മള്‍ ആഗോള തലത്തിലെ വലിയ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു ദേശീയ ടീമെന്ന നിലയിൽ കഴിഞ്ഞ 4 വർഷമായി ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുകയും ചില മികച്ച ഫലങ്ങളുണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്.
കൂടുതല്‍ പിന്തുണയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് തെളിയിക്കുന്നതാണത്. നിങ്ങളുടെ സമീപകാല ഫ്രാൻസ് സന്ദർശനത്തിൽ ഫുട്‌ബോളിനെയും എംബാപ്പെയെയും കുറിച്ചുള്ള നിങ്ങളുടെ പ്രസംഗം ഇന്ത്യൻ ഫുട്‌ബോളിനായി സ്വപ്നം കാണുകയും വേരൂന്നുകയും ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും സ്പർശിച്ചിട്ടുണ്ട്. ടീമിന്‍റെ പങ്കാളിത്തം ഇല്ലാതാക്കുന്ന തരത്തിലുള്ള യോഗ്യത മാനദണ്ഡം അന്യായമാണ്.