കൊൽക്കത്ത: ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യത റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ നാളെ ഹോങ്കോങ്ങിനെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരു ടീമുകളും എത്തുന്നത്. ഗോൾ വ്യത്യാസത്തിൽ ഹോങ്കോങ്ങാണ് ഗ്രൂപ്പിൽ ഒന്നാമത്.
മികച്ച ഫോമിലുള്ള നായകൻ സുനിൽ ഛേത്രിക്ക് പിന്തുണയുമായി മുന്നേറ്റനിരയിൽ മൻവീർ സിങും ലിസ്റ്റൺ കൊളാസോയും ആഷിഖ് കുരുണിയനും മികച്ച ഫോമിലാണ്. അഫ്‌ഗാനെതിരായ മത്സരത്തിലെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് ആഷിഖ് ആയിരുന്നു. മധ്യനിരയിൽ സഹലും സുരേഷും റോഷൻ സിങും ആകാശ് മിശ്രയും കരുത്ത് കാണിക്കുമ്പോൾ പ്രതിരോധ കോട്ട കാക്കുന്ന സന്ദേശ് ജിങ്കാനും അൻവർ അലിയും മികച്ച ഫോമിലാണ്.
കംബോഡിയക്കെതിരായ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയമെങ്കിൽ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അഫ്‌ഗാനെ തകർത്തത്. അതേസമയം, അഫ്‌ഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും കംബോഡിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും തോൽപ്പിച്ചാണ് ഹോങ്കോങ്ങിന്‍റെ വരവ്.
ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത സാധ്യതകൾ; അവസാന മത്സരത്തിൽ ഹോങ്കോങ്ങിനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഏഷ്യൻ കപ്പിന് നേരിട്ട് യോഗ്യത നേടാം. തോൽവിയോ സമനിലയോ ആണ് ഫലമെങ്കിൽ ഇരു ടീമുകൾക്കും ഏഴ് പോയിന്‍റാകുകുകയും ഗോൾ വ്യത്യാസത്തിൽ ഹോങ്കോങ്ങ് ഗ്രൂപ്പ് ചാമ്പ്യന്മാരാകും. എങ്കിലും, മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാർക്ക് അവസരമുള്ളതിനാൽ ഇന്ത്യയ്ക്ക് സാധ്യത ഏറെയാണ്.