ഹോചിമിൻ സിറ്റി : ഹങ് തിൻ സൗഹൃദ ഫുട്‌ബോൾ ടൂർണമെന്‍റിൽ ഇന്ത്യയ്ക്ക് സമനില. ദുർബലരായ സിംഗപ്പൂരിനെതിരായ മത്സരത്തിൽ ഓരോ ഗോൾ വീതം അടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. ആദ്യ പകുതിയിൽ ഇഖ്‌സാന്‍ ഫന്‍ഡിയിലൂടെ മുന്നിലെത്തിയ സിംഗപ്പൂരിനെ മലയാളി താരം ആഷിഖ് കുരുണിയൻ നേടിയ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്.
സിംഗപ്പൂരിനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില ; അരങ്ങേറി കെ പി രാഹുൽ - കെ പി രാഹുൽ
37-ാം മിനിറ്റില്‍ ഇഖ്‌സാന്‍ ഫന്‍ഡിയുടെ ഗോളില്‍ മുന്നിലെത്തിയ സിംഗപ്പൂരിനെ 43-ാം മിനിറ്റിലെ ആഷിഖ് കുരുണിയന്‍റെ ഗോളിലൂടെ ഇന്ത്യ ഒപ്പമെത്തുകയായിരുന്നു

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയേക്കാൾ ബഹുദൂരം പിന്നിലുള്ള സിംഗപ്പൂരിനെതിരായ സമനില ഏഷ്യൻ കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് അത്ര ശുഭസൂചനയല്ല നൽകുന്നത്. ഫിഫ റാങ്കിംഗില്‍ 159-ാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് സിംഗപ്പൂര്‍. ഇന്ത്യ 104-ാം സ്ഥാനത്തും. ആഷിഖിന് പുറമെ സുനിൽ ഛേത്രി, സഹല്‍ അബ്‌ദുൽ സമദ് എന്നിവരും പ്ലെയിംഗ് ഇലവനിലുണ്ടായിരുന്നു. മലയാളി താരം കെ പി രാഹുല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയ മത്സരം കൂടിയായിരുന്നു ഇത്.
37-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയായിരുന്നു സിംഗപ്പൂരിന്‍റെ ഗോള്‍. 43-ാം മിനിറ്റില്‍ ഛേത്രിയുടെ പാസില്‍ നിന്നാണ് ആഷിഖിന്‍റെ ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ ഛേത്രി, സഹല്‍, ആഷിഖ് എന്നിവരെ പിന്‍വലിച്ച് യുവതാരങ്ങളെ കളത്തിലിറക്കിയിട്ടും ഇന്ത്യയ്ക്ക് വിജയഗോൾ കണ്ടെത്താനായില്ല. 27ന് വിയറ്റ്‌നാമിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.