ബെംഗളൂരു : സാഫ് കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യക്ക് സമനില. നിശ്ചിത സമയത്ത് ഒരു ഗോളിന് മുന്നിലായിരുന്ന ഇന്ത്യ ഇഞ്ച്വറി ടൈമിൽ വഴങ്ങിയ സെൽഫ് ഗോളിൽ 1-1ന് സമനിലയിൽ കുരുങ്ങി വിജയം കൈവിടുകയായിരുന്നു. 47-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. എന്നാൽ ഇഞ്ച്വറി ടൈമിൽ അൻവർ അലിയുടെ സെൽഫ് ഗോളിലൂടെ കുവൈത്ത് സമനില പിടിക്കുകയായിരുന്നു.
മത്സരം സമനിലയിൽ അവസാനിച്ചതോടെ കുവൈത്ത് ഏഴ് പോയിന്‍റുമായി ഗ്രൂപ്പ് എ യുടെ ചാമ്പ്യൻമാരായി സെമി ഫൈനലിൽ കടന്നു. ഏഴ് പോയിന്‍റുണ്ടെങ്കിലും ആകെ ഗോൾ നേട്ടത്തിൽ കുവൈത്തിന് പിന്നിലായതിനാൽ രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യ സെമിയിലേക്ക് കടന്നിരിക്കുന്നത്. ഇതോടെ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരെ ഇന്ത്യ സെമിയിൽ നേരിടും. പാകിസ്ഥാൻ, നേപ്പാൾ ടീമുകളെ പരാജയപ്പെടുത്തിയ ഇന്ത്യയും കുവൈത്തും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ മികച്ച രീതിയിലാണ് ഇരു ടീമുകളും പന്തുതട്ടിയത്. ആക്രമണത്തിന് മുൻതൂക്കം നൽകിയായിരുന്നു ഇന്ത്യ മുന്നേറിയത്. സുനിൽ ഛേത്രിയും ആഷിഖ് കുരുണിയനും ഉൾപ്പെട്ട മുന്നേറ്റ നില കൃത്യമായ ഇടവേളകളിൽ കുവൈത്ത് ഗോൾ പോസ്റ്റിലേക്ക് ഇരച്ച് കയറിക്കൊണ്ടിരുന്നു. എന്നാൽ മോശം ഫിനിഷിങ് ഇന്ത്യയെ ആദ്യ ഗോളിൽ നിന്ന് അകറ്റി നിർത്തുകയായിരുന്നു.
ഛേത്രിയുടെ ഗോൾ: എന്നാൽ ആദ്യ പകുതിയുടെ അധിക സമയത്ത് നായകൻ സുനിൽ ഛേത്രി ഇന്ത്യക്കായി ആദ്യത്തെ വെടിപൊട്ടിച്ചു. അനിരുഥ് ഥാപ്പെയെടുത്ത കോർണർ മികച്ചൊരു വോളിയിലൂടെ ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. രാജ്യാന്തര ഫുട്‌ബോളിൽ ഛേത്രിയുടെ 92-ാം ഗോളായിരുന്നു ഇത്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഹാട്രിക് നേടിയ ഛേത്രി നേപ്പാളിനെതിരായ മത്സരത്തിൽ ഒരു ഗോളും സ്വന്തമാക്കിയിരുന്നു.