സൂറിച്ച് : ഫിഫ റാങ്കിങ്ങിൽ (FIFA rankings) ആദ്യ നൂറിൽ ഇടം നേടി ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം. പുതിയ റാങ്കിങ്ങിൽ ഒരു സ്ഥാനം ഉയർന്നാണ് ഇന്ത്യ 100-ാം സ്ഥാനത്ത് ഇടം നേടിയത്. അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം ആദ്യ നൂറിൽ എത്തുന്നത്. 2018 ഓഗസ്റ്റിൽ 96-ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യൻ ടീമിന്‍റെ ഏറ്റവും മികച്ച റാങ്കിങ്. ഇന്‍റർ കോണ്ടിനന്‍റൽ കപ്പിലെ കിരീട നേട്ടവും സാഫ് കപ്പിലെ തകർപ്പൻ പ്രകടനവുമാണ് ഇന്ത്യയെ റാങ്കിങ്ങിൽ മുന്നേറാൻ സഹായിച്ചത്.
1204.9 പോയിന്‍റോടെയാണ് ഇന്ത്യ 100-ാം സ്ഥാനം പിടിച്ചെടുത്തത്. നേരത്തെ 1200.66 ആയിരുന്നു ഇന്ത്യയുടെ പോയിന്‍റ്. ലെബനൻ, ന്യൂസിലാൻഡ് ടീമുകളെയാണ് ഇന്ത്യ മറികടന്നത്. ഇന്‍റർ കോണ്ടിനന്‍റൽ കപ്പിൽ റാങ്കിങ്ങിൽ മുന്നിലുണ്ടായിരുന്ന ലെബനൻ, കിർഗിസ്ഥാൻ എന്നീ ടീമുകളെ കീഴടക്കിയതും ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്തേകി. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇന്ത്യ 104-ാം റാങ്കിങ്ങിൽ ആയിരുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ നാല് വർഷമായി തോൽവിയറിയാതെ അപരാജിത കുതിപ്പ് നടത്തിയാണ് ഇന്ത്യൻ ടീം മുന്നേറുന്നത്. ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ നാല് വര്‍ഷം മുമ്പ് ഒമാനോടാണ് ഇന്ത്യ സ്വന്തം നാട്ടില്‍ അവസാനമായി തോറ്റത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ വിയറ്റ്നാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റശേഷം പിന്നീട് കളിച്ച ഒൻപത് മത്സരത്തിലും ഇന്ത്യ അപരാജിത മുന്നേറ്റമാണ് നടത്തിയത്.
ശനിയാഴ്ച സാഫ് കപ്പ് സെമി ഫൈനലില്‍ ലെബനനുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. സാഫ് കപ്പിൽ ഏഴ് പോയിന്‍റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചത്. കുവൈത്തിനോട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സമനില വഴങ്ങിയതോടെയാണ് ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് വീണത്. ഗ്രൂപ്പിൽ പാകിസ്ഥാൻ, നേപ്പാൾ ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.